Crime
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്‌പോർട്ട് വിവരങ്ങൾ ചോർത്തി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്‌പോർട്ട് വിവരങ്ങൾ ചോർത്തി 16 കോടിയുടെ തിരിമറി നടന്നെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. മലേഷ്യൻ കമ്പനിയായ പ്ലസ് മാക്സിനാണ് വിവരങ്ങൾ ലഭിച്ചത്.
യാത്രക്കാരുടെ പാസ്‌പോർട്ട് നമ്പർ ചോർത്തിയ ശേഷം ഒരേ നമ്പർ ഉപയോഗിച്ച് പല പേരുകളിൽ ബില്ലടിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങി. മുന്തിയ ഇനം മദ്യമാണ് പ്രധാനമായും ഇത്തരത്തിൽ വാങ്ങി കടത്തിയത്. കുട്ടികളായ യാത്രക്കാരുടെ പാസ്‌പോർട്ടിന്റെ പേരിലും മദ്യം കടത്തി.
ഈ മദ്യത്തിൽ നല്ലൊരളവും നഗരങ്ങളിലെ ആഢംബര ഹോട്ടലുകളിലാണ് എത്തിയത്. തട്ടിപ്പിന് കൂട്ട് നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാറുകൾ വാങ്ങിയതിന്റെ പണം അടച്ചത് മലേഷ്യൻ കമ്പനിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മലേഷ്യൻ കമ്പനിയുടെ ഉപകമ്പനിയായ പ്ലസ് മാക്സാണ് ഇവിടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തിയിരുന്നത്.കഴിഞ്ഞ ദിവസം കൊച്ചിയിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തത്.
2019ൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയ തട്ടിപ്പിലെ അന്വേഷണം പിന്നീട് സി.ബി.ഐ ഏറ്റെടുത്തിരുന്നു. സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ലൂക്ക്. പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ സി.ഇ.ഒ സുന്ദരവാസൻ, ജീവനക്കാരായ മദൻ, കിരൺ ഡേവിഡ് എന്നിവരാണ് മറ്റു പ്രതികൾ.