Connect with us

Crime

തോട്ടട ബോംബാക്രമണത്തില്‍ കടമ്പൂര്‍ സ്വദേശിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

Published

on

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് പോലീസ്. കടമ്പൂര്‍ സ്വദേശി അരുണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സനാഥിനൊപ്പം വടിവാള്‍ എത്തിക്കാന്‍ കൂട്ടുനിന്നത് അരുണാണ്. ആക്രമണസംഘത്തിലും അരുണ്‍ ഉണ്ടെന്നാണ് പോലീസ് പറഞ്ഞത്. അരുണിനെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
ബോംബ് നിര്‍മാണത്തിന് മറ്റൊരാളുടെ സഹായം കൂടി ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ബോംബ് നിര്‍മിക്കാനുപയോഗിച്ച വെടിമരുന്ന് പുറത്തുനിന്നെത്തിച്ചതാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞിരുന്നു ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. പള്ളിക്കുന്ന് സ്വദേശിയായ ഒരാളില്‍നിന്നാണ് ബോംബിനാവശ്യമായ വെടിമരുന്ന് വാങ്ങിയതെന്ന് പറയുന്നുണ്ട്.
കേസില്‍ അറസ്റ്റിലായ മിഥുന്‍, അക്ഷയ്, ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് മിഥുനിന്റെ പഴയ വീട്ടില്‍വെച്ചാണ് ബോംബുണ്ടാക്കിയത്. ഇതിന് ഉപയോഗിച്ച വെടിമരുന്നിന്റെയും മറ്റും അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന്റെ തലേന്ന് രാത്രി താഴെചൊവ്വയിലെ പടക്കക്കടയില്‍നിന്ന് വാങ്ങിയ പടക്കത്തിന്റെ വെടിമരുന്നല്ല ബോംബിന് ഉപയോഗിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായി. അവിടെനിന്ന് വാങ്ങിയ പടക്കം അവര്‍ കല്യാണദിവസം വഴിനീളെ പൊട്ടിച്ച് തീര്‍ത്തിരുന്നു.
‘പച്ചക്കെട്ട്’ എന്ന് പേരുള്ള ശക്തിയേറിയ പടക്കത്തിനും പനയോലയില്‍ പൊതിഞ്ഞുണ്ടാക്കുന്ന ഓലപ്പടക്കത്തിനും ഉപയോഗിക്കുന്ന വെടിമരുന്ന് പലയിടങ്ങളിലും ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കാറുണ്ട്. ഇവിടെ ഇത് ഉപയോഗിച്ചിട്ടില്ല. മൂന്ന് ബോംബുകളാണ് ഉണ്ടാക്കിയത്. ഒന്ന് പഴയ വീട്ടിനുസമീപത്ത് പരീക്ഷിച്ചുനോക്കിയിരുന്നു. ബോംബില്‍ കരിങ്കല്‍ച്ചീളുകള്‍ ഉപയോഗിച്ചതാണ് മാരകമാകാന്‍ കാരണം.
വിവാഹപ്പാര്‍ട്ടിക്ക് നേരെ മിഥുന്‍ വീശിയ വടിവാള്‍ സനാദാണ് കറുത്ത കാറില്‍ എത്തിച്ചുകൊടുത്തത്. സംഭവത്തിനുശേഷം മിഥുന്‍ സംസ്ഥാനം വിട്ടതായി വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഇയാള്‍ ദൂരെ എവിടെയും പോയിരുന്നില്ല. ചൊവ്വാഴ്ച രാവിലെത്തന്നെ ഇയാള്‍ പോലീസിന്റെ വലയിലായിരുന്നു.
ഞായറാഴ്ചയാണ് തോട്ടയില്‍ വിവാഹാഘോഷ യാത്രയ്ക്കിടെ ബോംബ് പൊട്ടിത്തെറിച്ച് ജിഷ്ണു എന്ന യുവാവ് കൊല്ലപ്പെട്ടത്.

Continue Reading