KERALA
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള ആസൂത്രണമാണ് ബിജെപി നടത്തുന്നതെന്ന് കോടിയേരി

തിരുവനനന്തപുരം: സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ ബിജെപി നേതൃത്വത്തിന്‍റെ അറിവോടെയാണ് കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രദേശത്തെ രണ്ടുപേരെ കൊല്ലുമെന്ന് ബിജെപി നേതാവ് പ്രഖ്യാപിച്ചതിന്‍റെ പിറ്റേന്നാണ് ഹരിദാസിനെ പരിശീലനം ലഭിച്ച ആര്‍ എസ് എസ് ബിജെപി സംഘം കൊലപ്പെടുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള ആസൂത്രണമാണ് ബിജെപി നടത്തുന്നത്. ആലപ്പുഴയിലും തിരുവല്ലയിലും കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായി സംഭവങ്ങള്‍ നടന്നു. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ആര്‍എസ്എസ് -ബിജെപി സംഘം ശ്രമിക്കുന്നത്. ഇതിന് വേണ്ടി ഇവര്‍ക്ക് ഒരാഴ്ചത്തെ പരിശീലനം ലഭിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 3000ത്തിലേറെ പേരാണ് ആ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.തലശ്ശേരിയില്‍ നിന്ന് പങ്കെടുത്ത സംഘമാണ് ഈ കൊലനടത്തിയത്. ഈ സംഭവം അന്വേഷിക്കണം. കൊലപാതകത്തില്‍ സിപിഎം ശക്തമായി പ്രതിഷേധിക്കുന്നു.
ആര്‍എസ് എസ്- ബിജെപി സംഘം കൊലക്കത്തി താഴെ വെക്കാന്‍ തയ്യാറല്ലെന്നാണ് ആവര്‍ത്തിക്കപ്പെടുന്ന കൊലപാതകങ്ങളില്‍ നിന്നും മനസിലാകുന്നതെന്നും പ്രകോപനങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പെട്ടുപോകരുതെന്നും കോടിയേരി പറഞ്ഞു. കൊലപാതകം നടത്തിയിടിട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയാണ് നടക്കുന്നത്. ഇത്തരം അക്രമണങ്ങളിലൂടെ സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആര്‍ എസ് എസ് ബിജെപി സംഘങ്ങള്‍ കരുതേണ്ട. കണ്ണൂര്‍ ജില്ലയിലടക്കം ഇതെല്ലാം അതിജീവിച്ചാണ് സിപിഎം വന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം പ്രവര്‍ത്തകനും മല്‍സ്യത്തൊഴിലാളിയുമായ പുന്നോല്‍ സ്വദേശി ഹരിദാസിനെ വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതിക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസിന്റെ കാല്‍ പൂര്‍ണ്ണമായും അറ്റുപോയ നിലയിലായിരുന്നു. വീടിന് സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാല്‍ ബഹളം കേട്ട് ബന്ധുക്കളും സംഭവസ്ഥലത്ത് എത്തി. ഇവരുടെ കണ്‍മുന്നിലായിരുന്നു കൊലപാതകം.