Crime
തിരുവനന്തപുരത്ത് പട്ടാപ്പകൽ വീണ്ടും കൊല

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ വീണ്ടും കൊല. നഗര മധ്യത്തിൽ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്നു. ആളുകൾ നോക്കിനിൽക്കെ ആയിരുന്നു കൊലപാതകം. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ നാഗർകോവിൽ സ്വദേശി അയ്യപ്പൻ(34) ആണ് കൊല്ലപ്പെട്ടത്.ബൈക്കിലെത്തിയ ആളാണ് കൊലപാതകത്തിന് പിന്നിൽ. ഹോട്ടൽ റിസപ്ഷനിലെ കസേരയിൽ ഇരിക്കുകയായിരുന്നു അയ്യപ്പൻ. ഈ സമയം ബൈക്കിലെത്തിയ പ്രതി ഹോട്ടലിലേയ്ക്ക് കടന്ന് അയ്യപ്പന്റെ കഴുത്ത് പിടിച്ചുവെച്ച് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു . കൊലപാതകിയുടെ മുഖം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.