Connect with us

Crime

മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളില്‍ അഭയം തേടി

Published

on

കീവ്:യുദ്ധത്തിനിടെ യുക്രൈനിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ കൊടും ദുരിതത്തില്‍. എംബസിയുടെ നിര്‍ദേശപ്രകാരം പലരും സമീപത്തുള്ള ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളില്‍ അഭയം തേടിയിരിക്കുകയാണ്. എന്നാല്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് മലയാളി വിദ്യാര്‍ഥിയായ ഔസഫ് ഹുസൈല്‍  വെളിപ്പെടുത്തി.

“പലരുടേയും കൈയില്‍ ഭക്ഷണമോ വെള്ളമോ ഇല്ല. കൊടും തണുപ്പാണ്. പുതപ്പ് പോലുമില്ലാതെയാണ് പലരും കഴിയുന്നത്. മൊബൈല്‍ ഫോണിലെ ചാര്‍ജ് തീരുന്ന സാഹചര്യവുമുണ്ട്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിക്കുന്നില്ല. ഏകദേശം നൂറിലധികം മലയാളികളാണ് ഇവിടെ മാത്രമുള്ളത്,” ഔസഫ് പറഞ്ഞു. കോവ എന്ന മെട്രോ സ്റ്റേഷനിലാണ് ഔസഫടക്കമുള്ളവരുള്ളതെന്നാണ് വിവരം.

“മെട്രോ സ്റ്റേഷനില്‍ ആകെ രണ്ട് ശുചിമുറിയാണുള്ളത്. രണ്ടിനും വാതിലുകളില്ല. എല്ലാവരും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മൊബൈല്‍ ചാര്‍ജ് ചെയ്യാനാകെയുള്ളത് രണ്ട് സ്ലോട്ടുകള്‍ മാത്രമാണ്. അതിനായി നീണ്ട ക്യൂവും. മതിയായ ഭക്ഷണമില്ലാത്തതും പ്രതിസന്ധിയാണ്. പടിഞ്ഞാറന്‍ യുക്രൈനിലേക്ക് യാത്ര ചെയ്യാന്‍ മാര്‍ഗമില്ല. റോഡ് മാര്‍ഗം യാത്ര ചെയ്യുന്നത് അപകടകരമാണ്,” ഔസഫ് കൂട്ടിച്ചേര്‍ത്തു.

റഷ്യൻ ആക്രണത്തില്‍ ഇതുവരെ സൈനികരും ജനങ്ങളും ഉള്‍പ്പെടെ 137 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. പോരാട്ടത്തില്‍ രാജ്യം ഒറ്റയ്ക്കായിരുന്നെന്നും സഹായങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1986 ല്‍ ആണവദുരന്തം നടന്ന മേഖല, കീവിന് വടക്കുള്ള ചെർണോബിൽ ആണവനിലയം എന്നിവ റഷ്യൻ സൈന്യം പിടിച്ചെടുത്തു.

അതേസമയം, യുക്രൈന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണ്‍ സംഭാഷണം നടത്തി. യുക്രൈനെതിരായ യുദ്ധത്തിന് വഴിയൊരുക്കിയ കാരണങ്ങളെക്കുറിച്ച് പുടിന്‍ മോദിയോട് വിശദീകരിച്ചതായാണ് വിവരം. റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നയപരമായ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന ഇന്ത്യയുടെ നിലപാട് മോദി ആവര്‍ത്തിച്ചു.

Continue Reading