Connect with us

Crime

യുക്രൈന് ഇന്ത്യയുടെ പരിപൂര്‍ണ പിന്തുണ ഇല്ല. റഷ്യയെ തള്ളി സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ

Published

on

ന്യൂഡല്‍ഹി: റഷ്യയുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന യുക്രൈന് ഇന്ത്യയുടെ പരിപൂര്‍ണ പിന്തുണ ഇല്ല. റഷ്യ യുദ്ധം നിര്‍ത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയിലും നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി.
നേരത്തേയും ഇന്ത്യ ഇത്തരമൊരു നിഷ്പക്ഷ നിലപാടാണ് തുടര്‍ന്നിരുന്നത്. ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്‌ക്കെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് നേരത്തെ ഇന്ത്യ വിട്ടു നിന്നിരുന്നു. ഇങ്ങനെ വിട്ടു നിന്നത് സമാധാന ശ്രമങ്ങള്‍ക്ക് ഇടം നല്‍കാനെന്നായിരുന്നു ഇന്ത്യുടെ നിലപാട്. റഷ്യയെ പിണക്കിയത് കൊണ്ട് ഒരു കാര്യവുമില്ലെന്നും അന്ന് ഇന്ത്യ വിലയിരുത്തി. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് റഷ്യക്കെതിരായ യുഎന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് അന്ന് വിട്ടുനിന്നത്.
ഒന്‍പത് വരിയുള്ള പ്രസ്താവനയാണ് നിലപാട് വിശദീകരിച്ച് ഇന്ത്യ നടത്തിയത്. യുക്രൈനിലെ ഇപ്പോഴത്തെ സംഭവങ്ങളില്‍ വലിയ അസ്വസ്ഥതയുണ്ട്. അക്രമം അവസാനിപ്പിക്കണം. മനുഷ്യ ജീവന്‍ ഇല്ലാതാക്കി ഒരു വിഷയവും പരിഹരിക്കാനാവില്ല. യുഎന്‍ ചട്ടങ്ങള്‍ പാലിക്കണം. എല്ലാ രാജ്യങ്ങളുടെയും പരാമാധികാരവും അഖണ്ഡതയും സംരക്ഷിക്കണം. ചര്‍ച്ചയിലൂടെ മാത്രമേ ഇപ്പോഴത്തെ വിഷയങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തില്‍ ചര്‍ച്ചയ്ക്കുള്ള എല്ലാ വഴിയും തേടണം. ഈ കാരണം കൊണ്ട് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെന്നായിരുന്നു വിശദീകരണം.
സമാധാനത്തിന് ഒരിടം കൂടി നല്‍കാനാണ് തീരുമാനം എന്ന് സര്‍ക്കാര്‍ പറയുന്നു. റഷ്യയെ തള്ളിയത് കൊണ്ടു മാത്രം ഇപ്പോഴത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയില്‍ നല്ല ബന്ധമാണുള്ളത്. തത്കാലം ഒറ്റ വോട്ടു കൊണ്ട് ഇത് തകര്‍ക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ആയുധ കരാറുകളും വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കാന്‍ കാരണമായി. ചൈനയും പാകിസ്ഥാനും യോജിച്ച് നില്‍ക്കുമ്പോള്‍ റഷ്യയെക്കൂടി ആ അച്ചുതണ്ടില്‍ ചേര്‍ക്കേണ്ടതില്ലെന്നാണ് ഇന്ത്യ കരുതുന്നത്. ചൈന അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്തിയപ്പോള്‍ അമേരിക്കയേക്കാള്‍ ഇന്ത്യയോട് ചേര്‍ന്ന് നിന്നത് റഷ്യയാണെന്നതും പ്രധാനമാണ്. കശ്മീരിന്റെ കാര്യത്തിലും മോദിയുടെ നയത്തെ പുട്ടിന്‍ എതിര്‍ത്തിരുന്നില്ല.
എന്നാല്‍ വരും നാളുകളില്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അതൃപ്തി ഇന്ത്യയ്ക്ക് നേരിടേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇത് പരിഹരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. സമാധാനത്തിന് ഇടം നല്‍കാനാണ് വിട്ടു നിന്നതെന്ന് വിശദീകരിക്കുമ്പോള്‍, ഇന്ത്യയ്ക്ക് എന്തെങ്കിലും മധ്യസ്ഥ നീക്കം നടത്താന്‍ കഴിയുമോ എന്ന് കൂടി വ്യക്തമാകേണ്ടതുണ്ട്.
യുദ്ധസന്നാഹവുമായി റഷ്യ യുക്രൈന്‍ അതിര്‍ത്തിക്കടന്നതിന് പിന്നാലെ കൂടിയ രക്ഷാ സമിതി യോഗത്തില്‍ ഒരു രാജ്യവും മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് ശരിയല്ലെന്നും വിഷയം എത്രയും വേഗം തീര്‍പ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ പേര് എടുത്ത് പറയാതെയായിരുന്നു ഇന്ത്യയുടെ പ്രസ്താവന.
യുറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ ഇടപെല്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ വിളിച്ചു. എന്നാല്‍ നിഷ്പക്ഷ നിലപാടാണ് ഇന്ത്യയ്‌ക്കെന്ന് വിദേശകാര്യസഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് പ്രതികരിച്ചു.
യുക്രൈന്‍ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് വേദന അറിയിച്ചെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അക്രമം ഉടന്‍ അവസാനിപ്പിച്ച് ചര്‍ച്ച തുടങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും മോദി പറഞ്ഞു. യുക്രൈനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോദി യുക്രൈന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

Continue Reading