Crime
സമാധാന ചര്‍ച്ചകൾക്കിടെയും യുക്രൈനെതിരായ ആക്രമണം ശക്തമാക്കി റഷ്യ

കീവ്: സമാധാന ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോഴും യുക്രൈനെതിരായ ആക്രമണം ശക്തമാക്കി റഷ്യ. കൂടുതല്‍ റഷ്യന്‍ സേനാംഗങ്ങള്‍ യുക്രൈനിലേക്ക് എത്തിക്കൊണ്ടിരിക്കുകന്നതായാണ് റിപ്പോര്‍ട്ട്. മാക്‌സര്‍ ടെക്‌നോളജീസ് എന്ന അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രം അനുസരിച്ച് വന്‍തോതില്‍ റഷ്യന്‍ സൈനികര്‍ യുക്രൈനിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് റഷ്യന്‍സേനാ വാഹനങ്ങളുടെ ദൃശ്യമാണ് സാറ്റലൈറ്റ് ചിത്രത്തിലുള്ളത്.
സാറ്റലൈറ്റ് ചിത്രം അനുസരിച്ച് വാഹനവ്യൂഹം വടക്കുകിഴക്കന്‍ യുക്രൈനിലെ ഇവാന്‍കിവില്‍ നിന്ന് തലസ്ഥാനമായ കീവ് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ടാങ്കുകള്‍, റോക്കറ്റ് വിക്ഷേപിണികള്‍ എന്നിവയും ഇന്ധനടാങ്കുകളും അടക്കമുള്ള വാഹനങ്ങളാണ് ഷെവ്‌ചെങ്ക റോഡ് വഴി കീവിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആദ്യം വാഹനവ്യൂഹത്തിന് പതിനേഴ് മൈല്‍ നീളം വരുമെന്നായിരുന്നു മാക്‌സര്‍ പറഞ്ഞത്. പിന്നീട് അത് നാല്‍പത് മൈല്‍ നീളമുണ്ടെന്ന് അവര്‍ തിരുത്തി.
കീവിലെ അന്റോനാവ് കാര്‍ഗോ വിമാനത്താവളത്തിന് സമീപത്ത് നിന്ന് വന്‍ തോതില്‍ പുക ഉയരുന്നതിന്റെ മറ്റൊരു സാറ്റലൈറ്റ് ചിത്രം കൂടി കമ്പനി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ റഷ്യയുടെ വ്യോമാക്രമണം നടന്നിരുന്നു.
ബെലാറുസില്‍ ചര്‍ച്ച തുടരുമ്പോഴും യുക്രൈനില്‍ റഷ്യയുടെ ആക്രമണം തുടരുകയാണ്. തെക്കന്‍ നഗരമായ ഖേര്‍സ്ണില്‍ കഴിഞ്ഞ ദിവസം ശക്തമായ സ്‌ഫോടനങ്ങളുണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപത്തെ വിമാനത്താവളത്തില്‍ നിന്നാണ് സ്‌ഫോടനശബ്ദം കേട്ടതെന്ന് അവര്‍ പറഞ്ഞു. നഗരം പൂര്‍ണമായ തങ്ങള്‍ അടച്ചിരിക്കുകയാണെന്ന് റഷ്യയും അവകാശപ്പെട്ടു.
യുക്രൈനിന്റെ അയല്‍രാജ്യമായ ബെലാറുസിന്റെ അതിര്‍ത്തിയിലുള്ള പ്രിപ്യാത് നദീതീരത്തായിരുന്നു യുദ്ധം അവസാനിപ്പിക്കാനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നത്. യുദ്ധമാരംഭിച്ചതിനുശേഷമുള്ള ആദ്യത്തെ ചര്‍ച്ചയാണിത്. വെടിനിര്‍ത്തല്‍ എന്ന ആവശ്യമാണ് ചര്‍ച്ചയില്‍ യുക്രൈന്‍ മുന്നോട്ടുവെച്ചത്. ആണവായുധസേനയോടു സജ്ജമായിരിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ ആവശ്യപ്പെടുകയും റഷ്യയ്ക്ക് ആണവായുധങ്ങള്‍ വിന്യസിക്കാന്‍ പാകത്തില്‍ ബെലാറുസ് നയം മാറ്റുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചര്‍ച്ച. ചര്‍ച്ചയുടെ ഫലപ്രാപ്തിയില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞദിവസം സംശയം പ്രകടിപ്പിച്ചിരുന്നു.
പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നികോവ്, സെലെന്‍സ്‌കിയുടെ പാര്‍ട്ടിയായ സെര്‍വന്റ് ഓഫ് ദ പീപ്പിളിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്, വിദേശകാര്യ ഉപമന്ത്രി എന്നിവരാണ് യുക്രൈന്‍ സംഘത്തെ ചര്‍ച്ചയില്‍ പ്രതിനിധാനം ചെയ്യുന്നത്. സാംസ്‌കാരികമന്ത്രി വഌദിമിര്‍ മെദിന്‍സ്‌കി റഷ്യന്‍ സംഘത്തെ നയിക്കുന്നു.
അടിയന്തര വെടിനിര്‍ത്തലും യുക്രൈനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കലുമാണ് ചര്‍ച്ചയിലെ മുഖ്യ അജന്‍ഡയെന്ന് സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു. യുക്രൈന്‍ പൗരരും ഭടന്മാരും മരിച്ചുവീഴുന്നതിനാല്‍ അടിയന്തര ഉടമ്പടികള്‍ സാധ്യമാക്കുന്നതിലാണ് താത്പര്യമെന്ന് റഷ്യന്‍ മന്ത്രി മെദിന്‍സ്‌കി പറഞ്ഞു.
റഷ്യന്‍ സൈന്യത്തോട് ആയുധംവെച്ചു കീഴടങ്ങാന്‍ ചര്‍ച്ചയ്ക്കുമുമ്പ് സെലെന്‍സ്‌കി ആവശ്യപ്പെട്ടു. യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അടിയന്തരമായി അംഗത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.