KERALA
കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞ് ശരീരത്ത് വീണ് 4 വയസുകാരൻ മരിച്ചു

കോട്ടയം: കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞ് ശരീരത്ത് വീണ് 4 വയസുകാരൻ മരിച്ചു. ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി ജവാദ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് മുന്നിലായിരുന്നു അപകടം.
അഹ്സൻ ഗേറ്റില്‍ കയറി ആടുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകനാണ് അഹ്സൻ. ദുബായിൽ താമസിക്കുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് അവധിയ്ക്ക് നാട്ടിലെത്തിയത്. ഇരുമ്പ് ഗേറ്റ് തലയില്‍ ഇടിച്ചാണ് മരണം സംഭവവിച്ചതെന്നാണ് വിവരം.