KERALA
സിൽവർലൈനിനായി ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡൽഹി: കെ. റയിൽ വിവാദത്തിനിടെ ഭൂമി ഏറ്റെടുക്കാനാവില്ലന്ന് കേന്ദ്രം. സിൽവർലൈനിനായി നിലവിൽ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക സഭയെ അറിയിച്ചത്. വിശദമായ ഡിപിആർ തയാറാക്കാനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ഡിപിആർ തയാറാക്കാൻ അനുമതി നൽകുക എന്നത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയല്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്ന് അദ്ദേഹം ലോക്സഭയിൽ അറിയിച്ചു.
കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനുമാണ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിച്ചത്. നിലവിൽ പദ്ധതിക്ക് പ്രാഥമിക അംഗീകാരം മാത്രമാണ് നൽകിയത്. അതിനർഥം പദ്ധതിക്കു വേണ്ട തയാറെടുപ്പുകൾ നടത്തുക, റിപ്പോർട്ട് തയാറാക്കുക, വിശദമായ ഡിപിആർ തയാറാക്കുക, സാധ്യതാ പഠനം നടത്തുക തുടങ്ങിയ കാര്യങ്ങളാണ്. ഇതിനർഥം റെയിൽവേയുടെ ഭൂമി ഈ പദ്ധതിക്കായി നൽകുമെന്നോ ഭൂമിയേറ്റെടുക്കൽ നടപടിയുമായി സർക്കാരിനു മുന്നോട്ടു പോകാമെന്നോ അല്ല.
പദ്ധതിയെക്കുറിച്ച് മെട്രോമാൻ ഇ.ശ്രീധരൻ വലിയ ആശങ്ക അറിയിച്ചിട്ടുണ്ട്. അത് പരിഗണിക്കുന്നുണ്ട്. ജനങ്ങളുടെ ആശങ്കകളും പരിഗണിക്കും. പാരിസ്ഥിതകമായ ആശങ്കകളും മുഖവിലയ്ക്കെടുക്കും. അതിനുശേഷം പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ടു കൂടി ലഭിച്ചശേഷം മാത്രമേ സർക്കാർ ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ അനുവദിക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.