Life
ഹിജാബ് ഹര്‍ജി അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് കോടതി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വേഷങ്ങള്‍ വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നലെ ശെരിവെച്ചിരുന്നു. ഹിജാബ് എന്നത് ഇസ്ലാമിലെ നിര്‍ബന്ധിത മതാചാരമല്ലെന്നാണ് വിധിയില്‍ കോടതി വ്യക്തമാക്കിയത്.
കര്‍ണാടകയെ ഇളക്കിമറിച്ച വിവാദത്തില്‍ 11 ദിവസം വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് വിധി പുറപ്പെടുവിച്ചത്. മതവേഷം വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവില്‍ മൗലികാവകാശം ലംഘിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല. യൂണിഫോം നിര്‍ബന്ധമാക്കല്‍ മൗലികാവകാശ ലംഘനമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹര്‍ജികള്‍ എല്ലാം കോടതി തള്ളി. മുസ്ലീം സംഘടനകള്‍ ഒഴികെ കോണ്‍ഗ്രസും ദളും അടക്കം ഉത്തരവിനെ അനുകൂലിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗ്ലൂരുവിലടക്കം കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഹിജാബ് ധരിക്കാതെ ക്ലാസിലിരിക്കാന്‍ കഴിയില്ലെന്നും അവകാശം നേടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും ഹര്‍ജിക്കാരായ ഉഡുപ്പി പിയു കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി