Connect with us

Crime

അരി കിലോയ്ക്ക് 448 രൂപ ഒരു ലിറ്റര്‍ പാല്‍ വാങ്ങാന്‍ 263 രൂപ പെട്രോളിനും ഡീസലിനും നാല്‍പ്പത് ശതമാനം വില കൂടി . ശ്രീലങ്കയിൽ ജനം തെരുവിൽ

Published

on


കൊളംബോ: ശ്രീലങ്കയില്‍ വിദേശനാണയം ഇല്ലാത്തതിനാല്‍ രൂക്ഷമായ വിലക്കയറ്റത്തില്‍ വലഞ്ഞ ജനം പ്രസിഡന്റിനെതിരെ കലാപവുമായി തെരുവില്‍. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയില്‍ അരി കിലോയ്ക്ക് 448 ലങ്കന്‍ രൂപ(128 ഇന്ത്യന്‍ രൂപ) യാണ് വില. ഒരു ലിറ്റര്‍ പാല്‍ വാങ്ങാന്‍ 263 (75 ഇന്ത്യന്‍ രൂപ) ലങ്കന്‍ രൂപയാവും.
പെട്രോളിനും ഡീസലിനും നാല്‍പ്പത് ശതമാനം വില കൂടി. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കണം ഇപ്പോള്‍ പെട്രോളും ഡീസലും കിട്ടാന്‍. അതില്‍ തന്നെ ലിറ്ററിന് 283 ശ്രീലങ്കന്‍ രൂപയാണ് പെട്രോളിന്. ഡീസല്‍ ലിറ്ററിന് 176 ശ്രീലങ്കന്‍ രൂപ. രാജ്യത്തെ ഗതാഗതസംവിധാനം തന്നെ താറുമാറായ അവസ്ഥയാണ്. വൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തനമൂലധനമില്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ ദിവസം ഏഴരമണിക്കൂര്‍ പവര്‍കട്ടാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പതിറ്റാണ്ടുകള്‍ക്കിപ്പുറം സാമ്പത്തികപ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്കന്‍ സാമ്പത്തികമേഖല. വിദേശനാണയം തീര്‍ന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നിവൃത്തിയില്ലാതെയായി. ഇപ്പോള്‍ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഐഎംഎഫില്‍ നിന്ന് വായ്പ സംഘടിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. ഒരു ബില്യണ്‍ ഡോളര്‍ കടമായി ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ധനമന്ത്രി ബേസില്‍ രാജപക്‌സ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. ഈ വര്‍ഷം ഇത് വരെ 140 കോടി ഡോളര്‍ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയത്.

Continue Reading