KERALA
പദ്ധതി വൈകുന്തോറും ദിവസം നഷ്‌ടമാകുന്നത് 3500 കോടി രൂപ. നഷ്‌ടപരിഹാരം നൽകിയ ശേഷമേ ഭൂമി ഏറ്റെടുക്കൂവെന്നും കെ റെയിൽ എം ഡി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ ബഫർ സോണില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തിരുത്തി കെ റെയിൽ എം ഡി അജിത് കുമാർ. പദ്ധതി കടന്നു പോകുന്ന വശങ്ങളിൽ 10 മീറ്റർ ബഫർ സോൺ ആണ്. അഞ്ചു മീറ്ററിൽ നിർമ്മാണം നടത്താൻ അനുവദിക്കില്ല. ബാക്കി അഞ്ചു മീറ്ററിൽ അനുമതിയോടെ നിർമ്മാണം നടത്താം. ബഫർ സോൺ തീരുമാനിച്ചത് നിലവിലെ നിയമം അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കലല്ല, സാമൂഹികാഘാത പഠനമാണ്. ആരെയൊക്കെ ബാധിക്കുമെന്ന് മനസിലാക്കാനാണ് പഠനം നടത്തുന്നത്. അലൈൻമെന്റ് അന്തിമമായ റൂട്ടുകളിലാണ് കല്ലിടുന്നത്. കല്ലിടലുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. പിഴുതുമാറ്റിയ കല്ലുകളുടെ സ്ഥാനത്ത് പുതിയ കല്ലിടും.ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ അഭിപ്രായം വിദഗ്ദ്ധർ കേൾക്കും. തടസങ്ങളുണ്ടായാൽ സാമൂഹികാഘാത പഠനം വൈകും. പദ്ധതി വൈകുന്തോറും ദിവസം നഷ്‌ടമാകുന്നത് 3500 കോടി രൂപയാണ്. നഷ്‌ടപരിഹാരം നൽകിയ ശേഷമേ ഭൂമി ഏറ്റെടുക്കൂവെന്നും അജിത്ത്കുമാർ വ്യക്തമാക്കി.