KERALA
സംസ്ഥാന സര്‍ക്കാറിന്റെ സ്വന്തം ബ്രാൻഡായ ‘മലബാര്‍ ബ്രാന്‍ഡി’ ഉടൻ വിപണിയിലെത്തും

തിരുവനന്തപുരം: പാവങ്ങളുടെ ഷിവാസ് റീഗല്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മദ്യമാണ് ജവാന്‍. മദ്യത്തിന്റെ വിലക്കുറവു മൂലം മദ്യപാനികളായ സാധാരണക്കാര്‍ക്ക് ജവാന്‍ റം പ്രിയപ്പെട്ടതാണ്. സര്‍ക്കാര്‍ നേരിട്ട് ഉത്പാദിപ്പിച്ച വിതരണം ചെയ്യുന്ന ഒരു മദ്യം കൂടിയാണിത്. റം എന്ന വിഭാഗത്തില്‍പ്പെട്ട ഈ മദ്യത്തിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ബ്രാണ്ടി കൂടി നിര്‍മ്മിച്ചു വിതരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ‘മലബാര്‍ ബ്രാന്‍ഡി’ എന്ന പേരാണ് ഈ മദ്യത്തിന് ബെവ്‌കോ പരിഗണിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
പഴയ ചിറ്റൂര്‍ സഹകരണ ഷുഗര്‍ മില്ലായിരുന്ന പാലക്കാട്ടെ പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറീസിലാവും മദ്യം ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സജ്ജീകരിക്കുക. സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ് കോയുടെ പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാലുടന്‍ പ്‌ളാന്റ് നിര്‍മ്മാണം തുടങ്ങുമെന്നാണ് പുറത്തു വരുന്ന വിവരം. 20 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
തുടക്കത്തില്‍ ലക്ഷ്യമിടുന്നത് പ്രതിദിനം 15,000 കെയ്‌സ് ബ്രാന്‍ഡിയാണ്. കരിമ്പ് കിട്ടാനുള്ള ബുദ്ധിമുട്ട് മൂലം പഞ്ചസാര ഉത്പാദനം നിലച്ചപ്പോഴാണ് ചിറ്റൂര്‍ സഹകരണ ഷുഗര്‍ മില്ല് സര്‍ക്കാര്‍ ഏറ്റെടുത്തത്.
അതേസമയം സാധാരണക്കാരന് പ്രിയപ്പെട്ട ജവാന്‍ റം 7000 കെയ്‌സില്‍ നിന്നും പ്രതിദിന ഉത്പാദനം 10,000 ആക്കി ഉയര്‍ത്താനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഒരു കെയ്‌സില്‍ ഒന്‍പത് ലിറ്ററാണ് ഉണ്ടാകുക. .തിരുവല്ല വളഞ്ഞവട്ടത്തുള്ള സര്‍ക്കാര്‍ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ രണ്ട് ലൈനുകള്‍കൂടി തുടങ്ങാനും ഉത്തരവായി.