Crime
ഇടുക്കി മൂലമറ്റത്ത് ഒരാള്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ വെടിവെപ്പുണ്ടായത് തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്ന്

മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് ഒരാള്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ വെടിവെപ്പുണ്ടായത് തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്ന്. പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ (30) ആളുകള്‍ക്ക് നേരെ തുരുതുരാ വെടിവെച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൂലമറ്റത്ത് സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ ബാബു (32)വാണ് വെടിയേറ്റു മരിച്ചത്. ബൈക്കില്‍ വരികയായിരുന്ന സനലിന്റേയും സുഹൃത്ത് പ്രദീപിന്റേയും നേര്‍ക്ക് ഫിലിപ്പ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. പ്രദീപിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
സംഭവത്തെപ്പറ്റി ദൃക്‌സാക്ഷികള്‍ പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച രാത്രി ഫിലിപ്പ് മാര്‍ട്ടിന്‍ സ്‌കൂട്ടറിലെത്തി തട്ടുകടയില്‍നിന്ന് ഭക്ഷണം ചോദിച്ചു. എന്നാല്‍ ഭക്ഷണം തീര്‍ന്നതിനാല്‍, ഇല്ല എന്ന് പറഞ്ഞ കടയുടമയോട് ഇയാള്‍ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു. ഇത് കണ്ട് അവിടെ ഉണ്ടായിരുന്നവര്‍, ഭക്ഷണം ഇല്ല എന്ന് പറഞ്ഞതിന് എന്തിനാണ് അസഭ്യം പറയേണ്ട ആവശ്യം എന്ന് ചോദിച്ചു. തുടര്‍ന്ന് ‘കാണിച്ചു തരാം’ എന്നു പറഞ്ഞ് വെല്ലുവിളിച്ചുകൊണ്ട് അയാള്‍ വീട്ടിലേക്ക് പോയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വളരെ വേഗത്തില്‍ തന്നെ സ്‌കൂട്ടര്‍ ഓടിച്ചു പോയ പ്രതി കാറില്‍ തിരിച്ചു വരികയായിരുന്നു. തുടര്‍ന്ന് റോഡില്‍ കാറ് നിര്‍ത്തി തോക്കു ചൂണ്ടി എല്ലാവരേയും വെല്ലുവിളിക്കുകയും വെടിവെക്കുകയുമായിരുന്നു. ആ സമയത്ത് എല്ലാവരും പേടിച്ച് മരത്തിന് പിന്നിലും മറ്റുമായി മറഞ്ഞുനിന്നു. അതു കൊണ്ട് മാത്രം പലരും വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. അതിന് ശേഷം കാര്‍ സ്പീഡില്‍മൂലമറ്റം റോഡിലേക്ക് നീങ്ങി. വഴി നീളെ കാണുന്നവരെയൊക്കെ ഇയാള്‍ വെടിവെക്കുന്നുണ്ടായിരുന്നു, കടത്തിണ്ണയില്‍ ഉണ്ടായിരുന്നവരെയും ഫിലിപ്പ് വെടിവെച്ചുവെന്ന് അറക്കുളം പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു.
ഫിലിപ്പിനെ ചോദ്യം ചെയ്തു വരികയാണ്. തോക്ക് എവിടെ നിന്ന് കിട്ടി എന്നുള്ള വിവരങ്ങള്‍ പോലീസ് ചോദിച്ചറിയുകയാണ്. മോഷ്ടിച്ച തോക്കാണ് ഇതെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയരിക്കുന്നതെന്നാണ് വിവരം. പ്രതി മദ്യ ലഹരിയിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും ഇതില്‍ പോലീസിന്റെ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. സ്വന്തം വീട്ടില്‍ നിന്ന് വാഹനം അതിവേഗത്തില്‍ ഓടിച്ചു പുറത്തു വരുന്നതിനിടയില്‍ ഇയാളുടെ മാതാവിന്റെ കാലിലും കാര്‍ കയറ്റി ഇറങ്ങുകയും ചെയ്തിട്ടുണ്ട്.