Connect with us

KERALA

സിൽവർ ലൈൻ മാത്രം മതിയോ മൂന്ന് ദിവസമായി ബസ് സമരത്തിൽ ജനം വലയുന്നു – വി.ഡി സതീശൻ

Published

on

തിരുവനന്തപുരം: കേരളത്തിലെ സാധാരണ ജനം മൂന്ന് ദിവസമായി ബസ് സമരത്തില്‍ വലയുകയാണെന്നും ഒരു ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാരിനെ കാണുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ള സില്‍വര്‍ലൈന്‍ മാത്രമാണോ പൊതുഗതാഗതമെന്നും സാധാരണക്കാരന് ഒന്നുംവേണ്ടേയെന്നും സതീശന്‍ ചോദിച്ചു.
കെ റെയിലില്‍ ആകെ ആശയകുഴപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയില്‍ പറയുന്നു റവന്യൂ വകുപ്പാണ് കല്ലിടുന്നതിനുള്ള ഉത്തരവാദികളെന്നാണ്. റവന്യൂ വകുപ്പ് മന്ത്രി പറയുന്നത് കെ റെയിലില്‍ ബോധമുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ പറയില്ല ഉത്തരവാദി റവന്യൂ വകുപ്പാണെന്ന്. ഇതിപ്പോള്‍ ആരാണ് കല്ലിടുന്നതെന്ന് ഒരു വ്യക്തതയുമില്ല. ദുരൂഹത തുടരുകയാണ്. ബഫര്‍ സോണിലും ഇതുപോലെ ദുരൂഹതയോടെയുള്ള പ്രതികരണമാണ് ഉണ്ടായത്. മന്ത്രി സജി ചെറിയാന്‍ പറയുന്ന ബഫര്‍ സോണില്ലെന്ന്. കെ റെയിലും മുഖ്യമന്ത്രിയും ഉണ്ടെന്ന് പറയുന്നു. കെ റെയിലിന്റെ മൊത്തം ചെലവ് 64000 കോടിയാണെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. അതിന് മുമ്പ് സിപിഎം സെക്രട്ടറി പറഞ്ഞത് ഇതിന് 80000 കോടിയും അതിന് മുകളിലും ആകുമെന്നാണ്. ഇത്തരത്തില്‍ എല്ലാ കാര്യത്തിലും പരസ്പര വിരുദ്ധമായ പ്രതികരണങ്ങളാണ്. ഇതില്‍ ഡാറ്റാ കൃത്രിമമാണ് നടന്നിരിക്കുന്നത്. ഒരു നുണക്ക് ആയിരം നുണകള്‍ ദിവസവും പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
മുഴുവന്‍ ആശയകുഴപ്പവും ദുരൂഹതയും നിറഞ്ഞ ഒരു പദ്ധതിക്ക് കല്ലിട്ടാല്‍ ഞങ്ങള്‍ അത് പിഴുത് കളയുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. അത് തുടരും. ജാമ്യം നല്‍കില്ലെന്ന് പറഞ്ഞുകൊണ്ടൊന്നും സമരത്തെ വിരട്ടാന്‍ നോക്കേണ്ട. സര്‍ക്കാരിന്റെ മുഴുവന്‍ ശ്രദ്ധ സമരം അടിച്ചമര്‍ത്തുന്നതിലാണ്. മൂന്ന് ദിവസമായി കേരളത്തില്‍ ബസ് സമരം നടക്കുകയാണ്. കുട്ടികളുടെ പരീക്ഷ നടക്കുകയാണ്. ഈ സമരമൊന്ന് തീര്‍ക്കാന്‍ ഒരു ചര്‍ച്ചയും നടത്തുന്നില്ല. ആളുകള്‍ പ്രായസപ്പെടുമ്പോള്‍ ഒരു ചര്‍ച്ചയ്ക്ക് പോലും ഇവിടെ സര്‍ക്കാരില്ല. പൊതുഗതാഗതം എന്ന് പറഞ്ഞാല്‍ സില്‍വര്‍ ലൈന്‍ എന്ന് മാത്രമായിരിക്കുന്നു. സാധാരണക്കാരന്റെ ആശ്രയമായ ബസ് സര്‍വീസിനും മറ്റു ഒരു ശ്രദ്ധയുമില്ല. വരേണ്യവര്‍ഗത്തിന് വേണ്ടിയുള്ളതാണ് സില്‍വര്‍ലൈന്‍ എന്ന് ആദ്യം പറഞ്ഞത് സീതാറാം യെച്ചൂരിയാണ്.
നിയമപ്രകാരം സാമൂഹിക ആഘാത പഠനത്തിന് കല്ലിടേണ്ട ആവശ്യമില്ല. സാമൂഹിക ആഘാത പഠനവും പരിസ്ഥിതി പഠനവും നടത്താതെ എന്ത് ഡിപിആറാണ് ഇവര്‍ ഉണ്ടാക്കിയത്. മണ്ണിന്റെ ഘടന കേരളത്തില്‍ അപകടമാണെന്ന് മെട്രോ ശ്രീധരന്‍ ഇന്നലെ പറഞ്ഞു. കേരളത്തിലെ മണ്ണ് ലൂസാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ട്രോള്‍ ഇറക്കിയവരാണ്. യുഡിഎഫ് സര്‍ക്കാര്‍ സ്പീഡ് ട്രെയിന്‍ പദ്ധതി കേരളത്തില്‍ പറ്റില്ലെന്ന് പഠിച്ച് തള്ളി കളഞ്ഞതാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading