Crime
വിജയ് പി നായരുടെ യു ട്യൂബ് ചാനലിന് പൂട്ട് വീണു. ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസും

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി. നായരുടെ യു ട്യൂബ് ചാനല്‍ നീക്കം ചെയ്തു. പൊലീസിന്‍റെ ആവശ്യം യു ട്യൂബ് ആദ്യം നിരസിച്ചിരുന്നു. വിജയിയെ കൊണ്ട് വീഡിയോ നീക്കം ചെയ്യിക്കാനായിരുന്നു നീക്കം. എന്നാൽ ഒടുവിൽ വീഡിയോയും തുടർന്ന് യുട്യൂബ് ചാനലും നീക്കം ചെയ്യുകയായിരുന്നു.
കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനു പിന്നാലെ കല്ലിയൂരിലെ വീട്ടിൽ നിന്നാണു ഇയാളെ കസ്റ്റഡിയിലെടുത്തത്.ഇയാൾക്കെതിരെ ആദ്യം നിസാര വകുപ്പുകളാണു മ്യൂസിയം പൊലീസ് ചുമത്തിയത്. എന്നാൽ വിഡിയോകളുടെ പേരിൽ ഇയാളെ ലോഡ്ജ് മുറിയിലെത്തി കൈകാര്യം ചെയ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളിൽ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതു വിവാദമായ സാഹചര്യത്തിലാണു ഐടി നിയമ വകുപ്പുകളും ചുമത്തിയത്. 5 വർഷംവരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണിവ.