HEALTH
ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തി

ബീജിംഗ്: കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തി. കഴിഞ്ഞ ദിവസം 13000 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ ഒന്ന് പുതിയ വിഭാഗമായിരുന്നു.
ഒമിക്രോൺ വകഭേദത്തിന്റെ ബി എ 1.1 ശാഖയിൽ നിന്നാണ് വൈറസിന്റെ പുതിയ വിഭാഗം രൂപപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടച്ചുപൂട്ടിയ ഷാങ്‌ഹായിൽ നിന്നും 70 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സ്ഥലത്തെ നിവാസിയിലാണ് പുതിയ വൈറസ് കണ്ടെത്തിയത്. ചൈനയിൽ കൊവിഡ് രോഗത്തിന് കാരണമാവുന്ന വൈറസുമായി ഇതിന് സാമ്യമില്ല. മാത്രമല്ല കൊവിഡ് വൈറസിന്റെ പരിവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി രൂപം നൽകിയ ആഗോളതലത്തിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ജി ഐ എസ് എ ഐ ഡിയിൽ സൂക്ഷിച്ചിരിക്കുന്ന വൈറസുകളുമായും പുതിയ ഉപവിഭാഗത്തിന് സാമ്യം കണ്ടെത്താനായിട്ടില്ല.