KERALA
കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ ഇന്ന് വീണ്ടും സത്യഗ്രഹ സമരം

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം, കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും. നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും അന്യജില്ലകളിലേക്ക് സ്ഥലം മാറ്റിയിരിക്കയാണ്. ചെയര്‍മാന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് അസോസിയേഷന്റെ നിലപാട്. തിങ്കളാഴ്ച തിരുവനന്തപുരത്തെത്തുന്ന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നേതാക്കളുമായും ചെയര്‍മാനുമായും കൂടിക്കാഴ്ച നടത്തും.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വൈദ്യുതി ഭവന്‍ ഉപരോധമടക്കമുള്ള കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് അസോസിയേഷന്‍ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ നീണ്ട് പോകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ആവര്‍ത്തിച്ചിരുന്നു. കെഎസ്ഇബിയിലെ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിച്ച് കഴിഞ്ഞു. പ്രശ്‌നങ്ങള്‍ നീണ്ട് പോയാല്‍ അത് എല്ലാവര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കും. കെഎസ്ഇബിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയുടെ വളര്‍ച്ച കാണാതിരുന്നു കൂടാ.
മാനേജ്‌മെന്റോ യൂണിയനോ ആവശ്യപ്പെട്ടാല്‍ പ്രശ്‌ന പരിഹാരത്തിന് ഇടപെടും. തിങ്കളാഴ്ച്ച ഔദ്യോഗിക ചര്‍ച്ചയില്ല, കൂടിക്കാഴ്ച നടത്തും. ബോര്‍ഡ് തലത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ സിഐടിയു തന്നെ സമരം നയിക്കുന്നതിന്റ സമ്മര്‍ദ്ദത്തിലാണ് ഇടത് സര്‍ക്കാര്‍. ഘടകകക്ഷി മന്ത്രിമാര്‍ ഭരിക്കുന്ന കെഎസ്ഇബിയിലും കെഎസ്ആര്‍ടിസിയും വാട്ടര്‍ അതോറിറ്റിയിലും പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ സിപിഎം യൂണിയന്‍ നില്‍ക്കുന്നത് അസാധാരണ സാഹചര്യമാണ്.
യൂണിയനുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന രീതിയില്‍ നിന്ന് മുഖ്യമന്ത്രി മാറിനീങ്ങുമ്പോള്‍ പ്രതിഷേധം രാഷ്ട്രീയമായി ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തോട് അടുക്കുമ്പോള്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കെഎസ്ഇബിയിലും കെഎസ്ആര്‍ടിസിയും വാട്ടര്‍ അതിറ്റോറിയിലും സ്ഥിതി ഒട്ടും ശുഭകരമല്ല. ഘടകകക്ഷി മന്ത്രിമാര്‍ക്ക് കീഴിലെ സ്ഥാപനങ്ങളില്‍ മുന്നില്‍ കൊടി പിടിക്കുന്നത് ഇടത് തൊഴിലാളി സംഘടനായ സിഐടിയു ആണ്.