Crime
പാലക്കാട്ടെ കൊലപാതകങ്ങള്‍ പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കും

തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങള്‍ പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നല്‍കും. അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു. ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് വിട്ടു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേല്‍നോട്ടം വഹിക്കാനാണ് നിര്‍ദ്ദേശം. കൂടുതല്‍ പൊലീസുകാരെയും ജില്ലയില്‍ വിന്യസിക്കും. എറണാകുളം റൂറലില്‍ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
24 മണിക്കൂറുകള്‍ക്കിടെ രണ്ട് ജീവനുകളാണ് പാലക്കാട്ട് പൊലിഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈര്‍ കൊല്ലപ്പെട്ടത്. പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടന്നത്. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ച രണ്ട് കാറുകളിലെന്ന് നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇന്ന് രണ്ടാമത്തെ കൊലപാതകവുമുണ്ടായി. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് (45) ഇന്ന് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ കടയുടെ ഉള്ളില്‍കയറിയാണ് മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം വെട്ടിയത്.