Crime
പാലക്കാട് സർവകക്ഷി യോഗത്തിൽനിന്നു ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി

പാലക്കാട്∙ : ഇരട്ട കൊലപാതകങ്ങളെത്തുടർന്ന് അശാന്തിയിലായ പാലക്കാട് ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചേർന്ന സർവകക്ഷിയോഗത്തിൽ തർക്കം. യോഗത്തിൽനിന്നു ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി. ജില്ലാ ഭരണകൂടത്തിന്റെ സമാധാനശ്രമങ്ങൾ പ്രഹസനമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു. ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷി യോഗം വിളിച്ചില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് ഹാളിലാണ് യോഗം.
എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ, മേലാമുറിയിൽ ആർഎസ്എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ എ.ശ്രീനിവാസൻ എന്നിവരാണ് 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയിൽ കൊല്ലപ്പെട്ടത്. ഇതോടെ മന്ത്രി സർവകക്ഷിയോഗം വിളിച്ചുചേർത്തത്.
അതിനിടെ സുബൈർ വധക്കേസിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരെയാണ് കസ്റ്റിഡിയിലെടുത്തതെന്നും ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും പൊലീസ് അറിയിച്ചു.