Crime
ചാലയിലെ കെ-റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഡി.സി.സി. പ്രസിഡൻറ് മാര്‍ട്ടിന്‍ ജോര്‍ജ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരേ കേസ്

കണ്ണൂര്‍: ചാലയിലെ കെ-റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഡി.സി.സി. പ്രസിഡൻറ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. .
ഈ മാസം 20,21 തീയതികളില്‍ ചാല കേന്ദ്രീകരിച്ച് നടന്ന കെ-റെയില്‍ വിരുദ്ധ സമരത്തിലാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, സുദീപ് ജയിംസ്, റിജില്‍ മാക്കുറ്റി തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. നേതാക്കള്‍ക്കൊപ്പം ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
ചാല അമ്പലപരിസരത്ത് സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിയുകയായിരുന്നു. 21 രാവിലെയാണ് സര്‍വേക്കല്ലുമായി കെ-റെയില്‍ അധികൃതര്‍ ചാലയിലെത്തിയത്. കെ-റെയില്‍വിരുദ്ധ കര്‍മസമിതി ചാല യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കല്ലിടല്‍ തടഞ്ഞിരുന്നു. എടക്കാട് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കിയശേഷം സര്‍വേക്കല്ല് സ്ഥാപിച്ചിരുന്നു.