KERALA
ഇവിടെ കല്ലിടൽ അവിടെ സംവാദം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ശക്തമായ പ്രതിഷേധം

കണ്ണൂർ: തലസ്ഥാനത്തെ കെ റെയിൽ സംവാദത്തിനിടെ കണ്ണൂരിൽ സർവ്വേ കല്ലിടലും പ്രതിഷേധവും. കണ്ണൂർ മുഴുപ്പിലങ്ങാട് പഞ്ചായത്തിലാണ് കല്ലിടൽ നടന്നത്. കല്ലിടാൻ അധികൃതർ എത്തിയതിന് തൊട്ടുപിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകൾ അടക്കമുള്ളവർ പൊലീസ് വാഹനത്തിന് മുന്നിൽ നിന്നും പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം നിർത്തി വച്ചിരുന്ന കല്ലിടൽ ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു.
ജനവാസ മേഖലയിലാണ് കല്ലിടാൻ അധികൃതർ എത്തിയത്. പ്രദേശത്തെ ആളില്ലാതിരുന്ന വീടിന് സമീപത്തെ മതിലിനരികിൽ കല്ലിടാനെത്തിയത് പ്രതിഷേധക്കാർ തടയുകയായിരുന്നു. പിന്നാലെ വീട്ടുകാർ എത്തുകയും കല്ലിടാൻ തങ്ങൾക്ക് സമ്മതമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഉടമസ്ഥരുടെ സമ്മതമില്ലാതെ കല്ലിടാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കി. എന്നാൽ പ്രതിഷേധങ്ങൾക്കിടയിൽ അധികൃതർ കല്ല് നാട്ടി. ഇത് പിഴുത് മാറ്റുമെന്ന് വീട്ടുടമയും അറിയിച്ചു.കെ റെയിൽ ആവശ്യമില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. മുൻകൂട്ടി അറിയിക്കാതെയാണ് കല്ലിടാൻ എത്തിയതെന്നും അവർ പറഞ്ഞു. എന്നാൽ തങ്ങളുടെ കൈവശം സർവേ വമ്പർ മാത്രമാണുള്ളതെന്നും മുൻകൂട്ടി അറിയിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും സർവേ അധികൃതർ വ്യക്തമാക്കി. പ്രതിഷേധങ്ങൾക്കിടയിലും കല്ലിടലുമായി മുന്നോട്ട് പോകുമെന്ന് അവർ പറഞ്ഞു.
അതേസമയം, കെ റെയിൽ സംഘടിപ്പിക്കുന്ന സംവാദം തിരുവനന്തപുരം ഹോട്ടൽ താജ് വിവാന്തയിൽ പുരോഗമിക്കുകയാണ്. റെയിൽവേ ബോർഡ് അംഗം സുബോധ് ജെയിൻ, സാങ്കേതിക സർവകലാശാല മുൻ വി സി ഡോ.കുഞ്ചെറിയ, തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ എന്നിവർ സിൽവർ ലൈനിനെ അനുകൂലിച്ച് സംസാരിക്കും. ഡോ.ആർ വി ജി മേനോൻ മാത്രമാണ് പദ്ധതിയെ എതിർക്കുന്ന പാനലിൽ ഉള്ളത്.