Crime
പി.സി ജോർജിനെ കസ്‌റ്റഡിയിലെടുത്ത നടപടിയിൽ എതിർപ്പുമായി മകൻ ഷോൺ ജോർജ്

കോട്ടയം: മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ മുൻ എംഎൽഎ പി.സി ജോർജിനെ ഫോർട്ട് പൊലീസ് പുലർച്ചെ വീട്ടിലെത്തി കസ്‌റ്റഡിയിലെടുത്ത നടപടിയിൽ എതിർപ്പുമായി മകൻ ഷോൺ ജോർജ്. ‘ആവശ്യപ്പെട്ടാൽ പൊലീസിന് മുന്നിൽ ഹാജരാകുന്നയാളാണ് പി.സി, ഒളിച്ചോടുന്നയാളല്ല, അദ്ദേഹത്തിന് നിലപാടുകളുണ്ട് അതിൽ അദ്ദേഹം വെളളം ചേർക്കാറില്ല’ ഷോൺ ജോർജ് പ്രതികരിച്ചു.
പി.സി ജോർജ് പറഞ്ഞത് ശരിയോ തെറ്റോ എന്നത് കാലം തെളിയിക്കേണ്ട കാര്യമാണ്. പൊലീസ് നടപടികൾക്ക് പിന്നിൽ സർക്കാരിന്റെ നിർബന്ധബുദ്ധിയാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. പുലർച്ചെ അഞ്ച് മണിക്കാണ് അദ്ദേഹത്തെ വീട്ടിൽ നിന്ന് കസ്‌റ്റഡിയിലെടുത്തത്. ഫോർട്ട് സി.ഐ അടക്കം എത്തിയാണ് കസ്‌റ്റഡിയിലെടുത്തിരിക്കുന്നത് ഇതിന് അർദ്ധരാത്രി തന്നെ പൊലീസ് തലസ്ഥാനത്ത് നിന്നും തിരിച്ചിട്ടുണ്ടാകണം. ഇത് സർക്കാരിന്റെ നിർബന്ധബുദ്ധിയാണ് എന്നാണ് ഷോൺ ആരോപിച്ചത്.ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ ക്ഷമാപണം വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഷോൺ അറസ്‌റ്റ് വാർത്തയിൽ പ്രതികരിച്ചിരുന്നു. ഏതെങ്കിലും വിഭാഗത്തിന് വേദനയുണ്ടായെങ്കിൽ മകൻ എന്ന നിലയിൽ തന്റെ പ്രതികരണമാണ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. തൊഴുകൈ ഇമോജിയായിരുന്നു ഷോൺ കഴിഞ്ഞ ദിവസം പോസ്‌റ്റ് ചെയ്‌തത്.അതേസമയം കസ്‌റ്റഡിയിലെടുത്ത പി.സി ജോർജിനെ വൈകാതെ ഫോർട്ട് പൊലീസ് സ്‌റ്റേഷനിലെത്തിക്കും ശേഷം അറസ്‌റ്റ് ചെയ്യുമെന്നാണ് വിവരം.