Crime
വിദ്വേഷ പ്രസംഗങ്ങൾ നടത്തുമ്പോൾ കയ്യടിക്കരുത്. ഈ പരിപ്പ് ഇവിടെ വേവില്ല എന്നു പറയണമെന്നും പാളയം ഇമാം

തിരുവനന്തപുരം :വർഗീയ പ്രസംഗം നടത്തിയ പി.സി ജോർജ് സമൂഹത്തോട് മാപ്പ് പറയണമെന്ന് പാളയം ഇമാം വി.പി ഷുഹൈബ് മൗലവി. പാളയം പള്ളിയിൽ നടന്ന ഈദ് ഗാഹിലാണ് ഇമാമിന്റെ പ്രതികരണം.
വർഗീയ പ്രസംഗക്കാരെ ഒറ്റപ്പെടുത്തണമെന്നും ഏത് മത, രാഷ്ട്രീയത്തിൽപ്പെട്ടവർ ആയാലും മാറ്റി നിർത്തണമെന്നും ഇമാം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ നടത്തുമ്പോൾ കയ്യടിക്കരുത്. ഈ പരിപ്പ് ഇവിടെ വേവില്ല എന്നു പറയണം. അദ്വൈതാശ്രമത്തിലും ഈദ് ഗാഹ് നടക്കുന്നുണ്ട്. ആറ്റുകാൽ പൊങ്കാല നടക്കുമ്പോൾ പാളയം പള്ളി വിട്ടുകൊടുക്കാറുണ്ട്. അതാണ് നാടിന്റെ പാരമ്പര്യം, അദ്ദേഹം പറഞ്ഞു. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പി.സി. ജോർജ് കടുത്ത മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
ലവ് ജിഹാദ് നിലനിൽക്കുന്നുണ്ടെന്നും മുസ്ലിങ്ങളുടെ ഹോട്ടലുകളിൽ ഒരു ഫില്ലർ ഉപയോഗിച്ച് ചായയിൽ ഒരു മിശ്രിതം ചേർത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നുമുൾപ്പടെ മുസ്ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രസ്താവനകളായിരുന്നു പി.സി ജോർജ് നടത്തിയത്.