Education
ചെന്നൈയിലെ സ്‌കൂൾ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സൗജന്യ പ്രഭാത ഭക്ഷണം.സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം

ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യഭക്ഷണം നല്‍കുക. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ ചെന്നൈയിലെ 708 കേന്ദ്രങ്ങളിലും 21 കോര്‍പറേഷനുകളിലും 63 നഗരസഭകളിലും പദ്ധതി നടപ്പാക്കും. ഇതിനായി 180 കോടി രൂപ വകയിരുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്റെ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ തുടര്‍വിജയങ്ങളും ദേശീയ പ്രതിപക്ഷനിരയിലെ നേതൃപരമായ ഇടപെടലുകളും ഈകാലയളവില്‍ സ്റ്റാലിനെ കൂടുതല്‍ കരുത്തനാക്കി. ഡിഎംകെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ദ്രാവിഡ മോഡല്‍ഭരണത്തിന് സംസ്ഥാനത്തിനകത്തും വലിയ സ്വീകാര്യതയാണ് കിട്ടുന്നത്.
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏതൊരു സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും സ്വപ്നം കാണുന്ന പിന്തുണയും അംഗീകാരവുമാണ് ഒരു വര്‍ഷം കൊണ്ട് ഡിഎംകെ സര്‍ക്കാരും മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി സ്റ്റാലിനും നേടിയത്. സാമൂഹികനീതിയും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ നയപരിപാടികള്‍ക്ക് വിവിധ തുറകളില്‍ നിന്ന് മികച്ച പിന്തുണ കിട്ടി. പാര്‍ട്ടിയിലും മുന്നണിയിലും പാളയത്തില്‍പടയില്ല, ഭരണവിരുദ്ധ വികാരമില്ല, സര്‍ക്കാരിന് തലവേദനയാകുന്ന ജനകീയ സമരപ്രക്ഷോഭങ്ങളൊന്നുംഇതുവരെയില്ല, കേരളമടക്കം അയല്‍ സംസ്ഥാനങ്ങളുമായി മെച്ചപ്പെട്ട ബന്ധം, പ്രതിപക്ഷമാകട്ടെ അതീവദുര്‍ബലവുമാണ്.