Crime
ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി

തിരുവനന്തപുരം:സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതിന് എതിരായ രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം തള്ളി കോടതി. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ആര്‍. ഗോപകുമാറാണ് വാദം തള്ളിയത്.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇന്ന് ഹര്‍ജി പരിഗണിച്ച വേളയിലാണ്, ഹര്‍ജി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹര്‍ജി തള്ളണമെന്ന സര്‍ക്കാര്‍വാദം കോടതി അംഗീകരിച്ചില്ല.
ഹര്‍ജിയുമായി ബന്ധപ്പെട്ട് മുന്നില്‍വരുന്ന എല്ലാ വിശദാംശങ്ങളും കോടതി പരിശോധിക്കട്ടേ എന്നും അതിനു ശേഷം ഇതു സംബന്ധിച്ച തീരുമാനം കോടതി തന്നെ സ്വീകരിച്ചുകൊള്ളാമെന്ന് കോടതി പറഞ്ഞു. ആദ്യം കോടതിയുടെ അന്വേഷണം നടക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ രമേശ് ചെന്നിത്തല ഇന്ന് പുതിയൊരു ഹര്‍ജി കൂടി കോടതിയില്‍ സമര്‍പ്പിച്ചു. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിലുള്ള എല്ലാ ഫയലുകളും ഹാജരാക്കാന്‍ ഉത്തരവിടണം എന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയാണ് ചെന്നിത്തല സമര്‍പ്പിച്ചത്. ഹര്‍ജികള്‍ ഈ മാസം 21ന് പരിഗണിക്കുന്നതിലേക്ക് മാറ്റി.
മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് വകുപ്പു മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരേയാണ് ഹര്‍ജി. നേരത്തെ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന അപേക്ഷ ഗവര്‍ണര്‍ തള്ളിയിരുന്നു. അതിനു പിന്നാലെയാണ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചത്.