Crime
പൊലീസ് ക്വാർട്ടേഴ്സിൽ രണ്ട് മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരനെ തിരെ വെളിപ്പെടുത്തലുമായി സഹോദരി

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ രണ്ട് മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ വെളിപ്പെടുത്തലുമായി സഹോദരി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ പൊലീസ് ഔട്ട്‌പോസ്റ്റിൽ ജോലി ചെയ്യുന്ന വട്ടപ്പള്ളി സ്വദേശിയും സിവിൽ പൊലീസ് ഓഫീസറുമായ റെനീസിന്റെ ഭാര്യ നജ്‌ല(27), മകൻ എൽ.കെ.ജി. വിദ്യാർത്ഥി ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ വയസ്) എന്നിവരാണ് ഇന്നലെ മരിച്ചത്
നജ്‌ലയുടെയും മക്കളുടെയും മരണത്തിനുത്തരവാദി അവരുടെ ഭർത്താവ് റെനീസാണെന്ന് നജ്‌ലയുടെ സഹോദരി നഫ്‌ല ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സഹോദരിയെ റെനീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ബന്ധുക്കളുമായി സംസാരിക്കാൻ റെനീസ് അവളെ അനുവദിച്ചിരുന്നില്ല. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. വാട്സാപ്പ് ചാറ്റുകളുടെ പേരിൽ റെനീസും നജ്‌ലയും വഴക്കിട്ടിരുന്നുവെന്നും നഫ്‌ല വെളിപ്പെടുത്തി.റെനീസും ഭാര്യയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും, ഇയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നതായും സഹപ്രവർത്തകർ പറയുന്നു. അടുത്തിടെ റെനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ വച്ച് പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനുശേഷവും ഉപദ്രവം തുടർന്നതായി പറയപ്പെടുന്നു.
ഇന്നലെയാണ് യുവതിയേയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മലാലയെ വെള്ളത്തിൽ മുക്കിക്കൊല്ലുകയും, ടിപ്പു സുൽത്താനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. നജ്‌ലയെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. റെനീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.