Crime
പെൺകുട്ടി പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കപ്പെട്ടിട്ടും എന്ത് കൊണ്ടാണ് സമസ്‌ത നേതാവിനെതിരെ കേസെടുക്കാതതെന്ന് ഗവർണർ

തിരുവനന്തപുരം: സമസ്‌ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായ് കേരള ഗവർണർ. കേരളീയ സമൂഹത്തിൽ നിന്ന് പ്രതിഷേധമുയരാത്തതിൽ അതിയായ ദുഖമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പെൺകുട്ടി കാണിച്ച ധൈര്യത്തെ താൻ അഭിനന്ദിക്കുന്നുവെന്നും ഗവർണർ വ്യക്തമാക്കി. പെൺകുട്ടി പൊതുസമൂഹത്തിന് മുന്നിലാണ് അപമാനിക്കപ്പെട്ടത്. സമസ്‌ത നേതാവിനെതിരെ കേസെടുക്കേണ്ടതാണെന്നും, എന്തുകൊണ്ട് സർക്കാർ അത് ചെയ്യുന്നില്ല എന്നതിൽ തനിക്ക് ആശ്ചര്യമാണ് തോന്നുന്നതെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യത്തിൽ പെൺകുട്ടി ഹിജാബ് ധരിച്ചിട്ടുള്ളതായി കാണാം. ആദ്യം മുതൽ തന്നെ ഞാൻ പറയുന്ന കാര്യമിതുതന്നെയാണ്. അവരുടെ ലക്ഷ്യം കേവലം ഹിജാബ് മാത്രമല്ല. തങ്ങളുടെ സമുദായത്തിലെ സ്ത്രീകളെ എങ്ങനെ പിന്നോട്ട് നടത്താം എന്നത് സംബന്ധിച്ചുള്ള ഗൂഡാലോചനയാണ് നടത്തുന്നത്. വീട്ടിനുള്ളിലെ നാല് ചുമരുകൾക്കുള്ളിൽ സ്ത്രീകളെ തളച്ചിടുക, തൊഴിൽ സാദ്ധ്യതകൾ നശിപ്പിക്കുന്നതിനായി വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കുക തുടങ്ങിയവയാണ് ഇത്തരം മതനേതാക്കന്മാരുടെ ലക്ഷ്യം.ഇത്തരക്കാരാണ് ലോകം മുഴുവൻ ഇസ്ളാമോഫോബിയ വ്യാപിപ്പിക്കുന്നത്. ഒരു മുസ്ളിം വിശ്വാസിയായ എനിക്ക് അവരെ ഭയമുണ്ട്. കാരണം ഇത്തരക്കാർ സമൂഹത്തിൽ ആധിപത്യം നേടികൊണ്ടിരിക്കുകയാണ്. വീട്ടിലെ സ്ത്രീകൾക്ക് മേൽ അവർ അവരുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്നു. ഇക്കാര്യത്തിൽ കേരളത്തിലെ രാഷ്‌ട്രീയപാർട്ടികളെല്ലാം മൗനം പാലിക്കുന്നതിൽ ഏറെ നിരാശയുണ്ട്. രാഷ്‌ട്രീയക്കാർ മാത്രമല്ല സമൂഹത്തിലെ മറ്റ് വിഭാഗങ്ങളിലുള്ളവരും മൗനം പാലിക്കുകയാണ്.സമസ്‌ത നേതാവിനെതിരെ കേസെടുക്കാൻ എന്തുകൊണ്ട് സർക്കാർ തയ്യാറാകുന്നില്ല. പ്രഥമ ദൃഷ്‌ട്യാതന്നെ കേസെടുക്കേണ്ട സംഭവമായിരുന്നിട്ടുകൂടി അത് ചെയ്യുന്നില്ല എന്നതിൽ ആശ്ചര്യമാണ് തോന്നുന്നതായും ഗവർണർ ചൂണ്ടിക്കാട്ടി.