Crime
മകനും മരുമകൾക്കുമെതിരെ വിചിത്ര പരാതിയുമായ് മാതാപിതാക്കൾ. പേരക്കുട്ടിയെ നൽകണം, അല്ലാത്തപക്ഷം അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകണം

ഉത്തരാഖണ്ഡ്: മകനും മരുമകൾക്കുമെതിരെ വിചിത്രമായ ഒരു പരാതി നൽകിയിരിക്കുകയാണ് മാതാപിതാക്കൾ. ഉത്തരാഖണ്ഡിലാണു സംഭവം. ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് ഒരു പേരക്കുട്ടിയെ നൽകണം, അല്ലാത്തപക്ഷം അഞ്ചു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായാണു ദമ്പതികൾ പരാതി നൽകിയിരിക്കുന്നത്. എസ്.ആർ.പ്രസാദ് എന്നയാളാണ് ഭാര്യയ്‌ക്കൊപ്പം കോടതിയെ സമീപിച്ചിരിക്കുന്നത്.
മകനെ അമേരിക്കയിൽ വിട്ടു പഠിപ്പിക്കാനും വീടു വയ്ക്കാനുമെല്ലാമായി ഒരുപാടു പണം ചെലവായി. ബാങ്കിൽനിന്ന് വായ്പ എടുത്താണ് വീടു വച്ചത്. എന്നാൽ ഇപ്പോൾ തങ്ങൾ സാമ്പത്തികമായി തകർന്നിരിക്കുകയാണെന്നും മകനും മരുമകളും 2.5 കോടി വീതം തങ്ങൾക്കു നഷ്ടപരിഹാരമായി നൽകണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. പേരക്കുട്ടി ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ് 2016ൽ മകന്റെ വിവാഹം നടത്തിയത്. എന്നാൽ ഇതുവരെ അതുണ്ടായില്ല. ആണായാലും പെണ്ണായാലും പ്രശ്‌നമില്ല, ഒരു പേരക്കുട്ടിയെ മാത്രമാണു വേണ്ടതെന്നും ഇരുവരും പറയുന്നു.