KERALA
ലൈഫിൽ സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടി. സി.ബി.ഐ അന്വേഷണം തുടരാമെന്ന് കോടതി

കൊച്ചി: ലൈഫ് മിഷൻ ഫ്ളാറ്റ് ഇടപാടുമായ് ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ സിബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സർക്കാറിന്റെ ആവശ്യത്തിൽ കോടതി ഇടക്കാല ഉത്തരവിടാതിരുന്നത് കനത്ത തിരിച്ചടിയായി. മന്ത്രിസഭാ തീരുമാന പ്രകാരമാണ് ഹരജി നൽകിയിരുന്നത്.
സിബിഐ അന്വേഷണം റദ്ദാക്കാനോ ഇടക്കാല ഉത്തരവ് നൽകാനോ ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ച് തയ്യാറായില്ല. ഹരജിയിൽ കൂടുതൽ വാദത്തിനായ് കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ചട്ടവിരുദ്ധമല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. ഫ്ലാറ്റ് നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു.
എന്നാൽലൈഫിൽ അന്വേഷണം വേണമെന്നും അന്വേഷണം നടന്നാൽ മാത്രമേ ക്രമക്കേട് കണ്ടെത്താൻ കഴിയുവെന്നും സിബിഐ കോടതിയിൽ വാദിച്ചു. കേസിൽ പ്രതിയല്ലാത്ത ഒരാൾക്ക് എങ്ങനെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ കഴിയുന്നതെന്ന വാദവും സി ബി ഐ കോടതിയിൽ ചൂണ്ടിക്കാട്ടി.