Crime
കാരാട്ട് ഫൈസലിനെതിരെ സന്ദീപ് നായരുടെ ഭാര്യയുടെ ശക്തമായ മൊഴി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ കസ്റ്റഡിയില്‍ എടുത്ത രാഷ്ട്രീയ നേതാവ് കാരാട്ട് ഫൈസലിനെതിരെ ശക്തമായ തെളിവുകള്‍. ഫൈസലിനെതിരെ സന്ദീപ് നായരുടെ ഭാര്യ മൊഴി നല്‍കി.
ഫൈസല്‍ പലതവണ സന്ദീപിനെ കാണാനെത്തിയെന്നാണ് ഭാര്യയുടെ മൊഴിയില്‍ പറയുന്നത്. ഇരുവരും സംസാരിച്ചത് സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചെന്നും നയതന്ത്ര ബാഗിലൂടെ എത്തിച്ച സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ചെന്നും മൊഴിയില്‍ പറയുന്നു. കാരാട്ട് ഫൈസലിന്‍റെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും. കാരാട്ട് ഫൈസല്‍ ഡയറക്ടര്‍മാരില്‍ ഒരാളായ കൊടുവള്ളി കിംസ് ആശുപത്രിയില്‍ കസ്റ്റംസ് പരിശോധന നടത്തുകയാണ്.
കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളിൽ പ്രമുഖനാണ് പിടിയിലായ കാരാട്ട് ഫൈസൽ. കൊടുവള്ളിയിലെ ലീഗ് കോട്ട തകർത്ത പിടിഎ റഹീമിന്‍റെ അടുത്ത അനുയായിയും ബന്ധുവും കൂടിയാണ് ഇദ്ദേഹം. കൊടുവള്ളി നഗരസഭയിലെ കൊടുവള്ളി ടൗണ്‍വാര്‍ഡിലെ കൗണ്‍സിലറാകും മുമ്പേ നിരവധി സ്വർണ്ണക്കടത്ത് കേസുകളിൽ ഫൈസൽ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ കോഴിക്കോട് നിന്നുമാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്.