Education
യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം നടത്താനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം നടത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കി. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ഒരു തീരുമാനമെടുക്കുകയും കേന്ദ്രസര്‍ക്കാര്‍ അതിനെ അംഗീകരിക്കാന്‍ തയ്യാറാകാതെവരികയും ചെയ്തതോടെ കേന്ദവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവെച്ചിരിക്കുകയാണ്.
യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ 412 വിദ്യാര്‍ഥികളുടെ തുടര്‍പഠനം സംബന്ധിച്ച് ബംഗാള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രണ്ടും മൂന്നും വര്‍ഷങ്ങളില്‍ പഠിക്കുന്ന 172 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതിനെതിരേയാണ് മെഡിക്കല്‍ കമ്മീഷന്‍ രംഗത്തുവന്നത്.നിലവിലുള്ള ചട്ടപ്രകാരം ഇത് അനുവദനീയമല്ലെന്ന നിലപാടാണ് കമ്മീഷന്‍ എടുത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഓരേ കോളേജില്‍തന്നെ അവരുടെ പഠനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ട് വര്‍ഷം വിദേശരാജ്യത്ത് പഠിച്ചശേഷം ബാക്കി ഇന്ത്യയില്‍ പൂര്‍ത്തിയാക്കുന്നത് അനുവദിക്കില്ല.