KERALA
അടുത്ത മാസത്തെ ശമ്പളം കൊടുക്കാൻ കാശില്ലാത വരാണ് രണ്ട് ലക്ഷം കോടിയുടെ സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയുന്നത്

കൊച്ചി : സാമ്പത്തികമായി കേരളത്തെ ശ്രീലങ്കയാക്കി മാറ്റാൻ പോകുന്ന പദ്ധതിയാണ് സിൽവർ ലൈനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടുത്ത മാസത്തെ ശമ്പളം കൊടുക്കാൻ കാശില്ലാതെ രണ്ട് ലക്ഷം കോടിയുടെ സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയുന്ന പിണറായി വിജയൻ കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുകയാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള പണം പോലുമില്ല. സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടക്കില്ല. ഒരിടത്തും കല്ലിടില്ല. കല്ലിട്ടാൽ പിഴുതെറിയും. യു.ഡി.എഫ് ജനങ്ങൾക്കൊപ്പം നിന്ന് സിൽവർ ലൈനിനെതിരെ ശക്തമായി ചെറുത്ത് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിൽ ഒരാഴ്ച നിന്നപ്പോൾ മുഖ്യമന്ത്രിക്ക് കാര്യം ബോധ്യപ്പെട്ടു. യു.ഡി.എഫ് വൻ ഭൂരിപഷത്തിൽ ജയിക്കുമെന്ന് മനസിലായതു കൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തിലാകുമെന്ന് മുഖ്യമന്ത്രി പറയാത്തത്. ഉമാ തോമസ് പി.ടി തോമസ് ജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. ജാതിയും മതവും നോക്കിയാണ് മന്ത്രിമാർ വോട്ട് പിടിക്കാൻ പോകുന്നതെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു. കെ.പി.സി.സി അദ്ധ്യക്ഷനെതിരെ കേസെടുത്തത് എതിരായി മാറിയെന്ന് മനസിലായത് കൊണ്ടാണ് സർക്കാർ പിന്നാക്കം പോയത്.പി.സി ജോർജിനെതിരെ സർക്കാർ കോടതിയിൽ കൊടുത്ത എഫ്.ഐ.ആറിൽ അദ്ദേഹത്തിനെതിരെ ഉന്നയിച്ച കുറ്റകൃത്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് മജിസ്‌ട്രേറ്റ് തന്നെ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് നാടകമാണ് സർക്കാർ നടത്തിയത്. അറസ്റ്റ് ചെയ്‌തെന്ന് വരുത്തിത്തീർത്ത് ജോർജിനും മകനും തിരുവനന്തപുരം വരെ സ്വന്തം വാഹനത്തിൽ സഞ്ചരിക്കാനും സംഘപരിവാർ സ്വീകരണം ഏറ്റുവാങ്ങാനും സൗകര്യമൊരുക്കിക്കൊടുക്കുകയും പബ്ലിക് പ്രോസിക്യൂട്ടറെ അപ്രത്യക്ഷനാക്കുകയും എഫ്.ഐ.ആറിൽ വെള്ളം ചേർക്കുകയും ചെയ്തു. കോടതിക്ക് പുറത്തും തൃക്കാക്കരയിലും പി.സി ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിച്ചു.ജോർജിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അതായത് വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ സമ്മതിച്ചിരിക്കുകയാണ്. ഭരിക്കാൻ കഴിയില്ലെന്ന് പറയുന്നതാണ് ഇതിനേക്കാൾ ഉത്തമം. തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും അറസ്റ്റ് നാടകം നടത്തുന്നതിനുള്ള തിരക്കഥയാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. എഫ്.ഐ.ആർ ഫയൽ ചെയ്യാത്തതും പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകത്തതും എന്തുകൊണ്ടെന്ന് സർക്കാർ വ്യക്തമാക്കണം. പ്രതിയെ സ്വന്തം വാഹനത്തിൽ സ്വീകരണം ഏറ്റുവാങ്ങി എത്താൻ അനുവദിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. വർഗീയത പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാൻ പിണറായി സർക്കാരിന് കഴിവില്ല. ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാരിന് താൽപര്യമില്ല. കോടതി ഇടപെട്ടാൽ മാത്രമെ അറസ്റ്റ് നടക്കൂ. ഇത്തരത്തിലുള്ള പ്രസംഗം ആര് നടത്തിയാലും അറസ്റ്റ് ചെയ്യണമെന്നതാണ് യു.ഡി.എഫ് നിലപാടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു,