Crime
പി സി ജോര്‍ജിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി

കോട്ടയം :വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപോക്ഷ തള്ളിയതോടെ പി സി ജോര്‍ജ് ഒളിവില്‍. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പി സി ജോര്‍ജിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. പി.സി ജോർജിന്റെ ഗൺമാനെ ചോദ്യം ചെയ്തു.
ഇന്നലെ വൈകിട്ട് ഈരാറ്റുപേട്ടയിലെ വസതിയിലും ബന്ധു വീടുകളിലും പൊലീസ് തിരച്ചില്‍ നടത്തിരുന്നു. പക്ഷേ ഫലമുണ്ടായില്ല.
നാല് മണിക്കൂറോളം നീണ്ടു നിന്ന തിരച്ചിലുകള്‍ക്കൊടുവില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പി.സി ജോര്‍ജ് സ്വന്തം വാഹനം ഒഴിവാക്കി മറ്റൊരു കാറില്‍ വീട്ടില്‍ നിന്നും പോകുന്നത് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ പി സി ജോര്‍ജ് എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതേ തുടര്‍ന്നാണ് പരിശോധന ശക്തമാക്കുന്നത്. ജോര്‍ജിന്റെ മൊബൈല്‍ ഫോണും ബന്ധു വീടുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
അതേസമയം പി.സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാനാണ് നീക്കം. വെണ്ണലയിലെ പ്രസംഗം പ്രകോപനപരമാണെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രസംഗം മതസ്പര്‍ദ്ധയ്ക്കും ഐക്യം തകരാനും കാരണമാകും. 153A, 295A എന്നീ വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമെന്ന പറയാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.
വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെയാണ് കോടതി തള്ളിയതി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. പിസി ജോര്‍ജ് തുടര്‍ച്ചയായി സമാനരീതിയിലുള്ള കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്ന് പൊലീസ് കോടതിയില്‍ വാദിച്ചു. പ്രസംഗത്തിന്റെ വീഡിയോയും പൊലീസ് കോടതിയില്‍ ഹജരാക്കിയിരുന്നു. ഇത് പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ നടപടി.