Crime
ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ മുഖ്യമന്ത്രി അപമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തൃക്കാക്കര: ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ മുഖ്യമന്ത്രി അപമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കേണ്ടത് പോലീസും സര്‍ക്കാരുമാണ്. ഒരുവശത്ത് അതിജീവിതയ്‌ക്കൊപ്പമെന്ന് പറയുന്ന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പ്രതീതിയാണെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
തൃക്കാക്കര തിരഞ്ഞെടുപ്പും ഈ കേസും തമ്മിള്‍ ഒരു ബന്ധവുമില്ല. ഇത് രാഷ്ട്രീയമായി കാണേണ്ട വിഷയമല്ല. ഗുരുതരമായ ആരോപണം ഉന്നയിച്ചത് അതിജീവിത തന്നെയാണ്. എന്നാല്‍ സര്‍ക്കാര്‍ അതിജീവിതയെ പരസ്യമായി അപമാനിക്കുകയാണ്. ചട്ടമ്പിമാരെ പോലെയാണ് എം.എം മണിയേയും ഇ.പി ജയരാജനേയും ആന്റണി രാജുവിനേയും മുഖ്യമന്ത്രി പറഞ്ഞുവിട്ടതെന്നും സതീശന്‍ പറഞ്ഞു.സ്വയം പ്രതിരോധത്തിന് മറ്റുള്ളവരുടെ മെക്കിട്ട് കയറുന്ന പരിപാടിയാണ് മുഖ്യമന്ത്രിക്ക് പണ്ടേയുള്ളത്. യുഡിഎഫ് ഏത് കേസിലാണ് വെള്ളം ചേര്‍ത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.