Connect with us

Crime

പട്ടാപ്പകൽ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് മോഷണം പോയി

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് മോഷണം പോയി. സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തില്‍ എത്തിയ യുവാവാണ് ബസ് മോഷ്ടിച്ചത്. എറണാകുളത്തേയ്ക്ക് യാത്ര തിരിച്ച ബസ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട എറണാകുളം നോര്‍ത്ത് പൊലീസ് ബസ് തടഞ്ഞ് യുവാവിനെ കസ്റ്റഡിയിലെടുത്തു. 

ഇന്ന് രാവിലെ 8.20 ഓടേയാണ് സംഭവം. കോഴിക്കോട്ടേയ്ക്ക് പോകാന്‍ കെഎസ്ആര്‍ടിസി ആലുവ ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് മോഷ്ടിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തിലെത്തിയ യുവാവ് ബസ് പിന്നോട്ടെടുത്ത ശേഷം ഓടിച്ചുപോകുകയായിരുന്നു. അസ്വാഭാവികമായ രീതിയില്‍ വാഹനം ഓടിച്ചുപോകുന്നത് ഡിപ്പോയിലെ മറ്റു സെക്യൂരിറ്റി ജീവനക്കാരില്‍ സംശയം തോന്നിപ്പിച്ചിരുന്നു. 

അതിനിടെ എറണാകുളം ഭാഗത്തേയ്ക്ക് പോയ ബസ് നിരവധി അപകടങ്ങള്‍ക്ക് കാരണമായി. നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചിട്ടും വാഹനം നിര്‍ത്താതെ പോയി. പരാതി ഉയര്‍ന്നതോടെ എറണാകുളം നോര്‍ത്ത് പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പൊലീസ് പറയുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി ബസ് ആലുവ ഡിപ്പോയ്ക്ക് കൈമാറും.

Continue Reading