Crime
കേരള പൊലീസല്ല, പിണറായിയുടെ ഊളന്‍മാരാണിതെന്നു പി.സി ജോര്‍ജ്

കോട്ടയം: പൊലീസ് നോട്ടിസ് തളളി മുന്‍ എംഎല്‍എ പി.സി.ജോര്‍ജ് ഇന്ന് തൃക്കാക്കരയില്‍ ബിജെപിയുടെ പ്രചാരണത്തില്‍ പങ്കെടുക്കും. വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 11 ന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസില്‍ ഹാജരാകാന്‍ പി.സി.ജോര്‍ജിനു പൊലീസ് നോട്ടിസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു.
‘തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ജനാധിപത്യപരമായ കടമയാണ്. ഇന്ന് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുകയാണ്. പൊലീസിന്റെ അറസ്റ്റും റിമാന്‍ഡും കാരണം ഇതുവരെ എനിക്കവിടെ പോകാന്‍ കഴിഞ്ഞില്ല. എന്റെ പ്രവര്‍ത്തകര്‍ അല്ലെങ്കില്‍ അനുഭാവികള്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു പറയാന്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിളിക്കുന്നിടത്തു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഞാന്‍ തയാറാണ്. ഇതുവരെ ഞാന്‍ ഒളിച്ചിട്ടില്ല.’–പി.സി.ജോര്‍ജ് പറഞ്ഞു.
പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് പൊലീസ് നീക്കത്തിനു പിന്നിലെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കില്‍ തനിക്കെതിരെ എഫ്‌ഐആര്‍ പോലുമിടാന്‍ ഇവര്‍ തയാറാകില്ലായിരുന്നു. ഇതു വെറും കള്ളക്കേസാണ്. ഒരു ജനപ്രതിനിധിയായിനിന്ന് 33 കൊല്ലം നിയമം നര്‍മിച്ച താന്‍ എങ്ങനെയാണു നിയമം ലംഘിക്കുന്നതെന്നും പി.സി ചോദിച്ചു. കേരള പൊലീസല്ല, പിണറായിയുടെ ഊളന്‍മാരാണിതെന്നും ജോര്‍ജ് ആരോപിച്ചു. കേരള പൊലീസ് വരട്ടെ താന്‍ അനുസരിക്കാമെന്നും അദ്ദേഹം പറഞ്ഞു.