Connect with us

Crime

കോടതിയില്‍ നടക്കുന്നത് നാടകമാണെന്ന് ഭാഗ്യലക്ഷ്മി. വിധിയെഴുതി വച്ചൂ. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ

Published

on

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത് നാടകമാണെന്ന് ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. കോടതികളില്‍ ആദ്യമേ വിധിയെഴുതി വച്ചൂ. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതി മുറിക്കുള്ളില്‍ അപമാനിക്കപ്പെടുകയാണ്. എന്നാല്‍ എന്തുകൊണ്ടാണ് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതനോട് കോടതിക്ക് ഒരു സമീപനമെന്നും പാവപ്പെട്ടവനോട് മറ്റൊരു സമീപമാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

‘നമ്മുടെ നാട്ടില്‍ പണമുള്ളവന് മാത്രമേ കോടതികളിലേക്ക് പോകാനാകൂ. പണമുണ്ടെങ്കില്‍ എത്ര സാക്ഷികളെ വേണമെങ്കിലും സ്വാധീനിക്കുകയോ ഏതറ്റം വരെയും പോകുകയുമാകാം. പാവപ്പെട്ടവര്‍ ഇതെല്ലാം കണ്ടും കേട്ടും സഹിക്കണമെന്ന് വിളിച്ചുപറയുകയാണ് കോടതികള്‍.

പൂര്‍ണ ആത്മവിശ്വാസം മാത്രമേ ഞങ്ങളുടെ കയ്യിലുള്ളൂ. വിദേശത്ത് നിന്ന് പോലും നിരവധി കോളുകള്‍ വരുന്നുണ്ട്. എത്ര പണമെങ്കിലും ഇറക്കാം, സുപ്രിംകോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവരാം എന്നൊക്കെ പറയാറുണ്ട്. ആ പിന്തുണ തന്നെയാണ് ഞങ്ങള്‍ക്ക് വലുത്. ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ഇന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷനെതിരെ ശക്തമായ വാദങ്ങളാണ് ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചത്. പ്രോസിക്യൂഷന്‍ ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നെന്നും കോടതി വിഡിയോ പരിശോധിച്ചെങ്കില്‍ എന്താണ് തെറ്റെന്നും അന്വേഷണവിവരങ്ങള്‍ ഇപ്പോഴും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നെന്നും ദിലീപ് ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനും അന്വേഷണ സംഘവുമാണ് ഇതിന് പിന്നിലെന്നും കോടതിയില്‍ ദിലീപ് പറഞ്ഞു. വിചാരണ ഒഴിവാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അഭിഭാഷകരെ പോലും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടക്കുന്നു.

ഒരുദിവസംപോലും തുടരന്വേഷണം നീട്ടരുതെന്ന് ദിലീപ് പറയുന്നു.നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശമില്ലെന്നും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് 2022 ഫെബ്രുവരി വരെ പ്രോസിക്യൂഷന്‍ അറിഞ്ഞില്ലേന്നും മൂന്നുവര്‍ഷത്തിനുശേഷമാണ് പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കുന്നതെന്നും കോടതിയില്‍ ദിലീപ് പറഞ്ഞു.

Continue Reading