Crime
സോണിയാ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ഇ.ഡി. യുടെ നോട്ടീസ്
ന്യൂഡൽഹി: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും നോട്ടീസ് അയച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്‌ട്രേറ്റ് (ഇ ഡി). നാഷണൽ ഹെറാൾഡ് കേസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജൂൺ എട്ടിന് മുൻപ് ഇഡിയ്ക്ക് മുമ്പാകെ ഹാജരാകാനാണ് നോട്ടീസിൽ നിർദേശം നൽകിയിരിക്കുന്നത്. പിന്നാലെ ഇഡിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി.
കളിപ്പാവകളായ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പേടിപ്പെടുത്താനുള്ള ശ്രമമാണ് ബിജെപിയുടേതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി ആരോപിച്ചു. 2015ൽ ഇ ഡി കേസ് അവസാനിപ്പിച്ചതാണ്. എന്നാൽ കേന്ദ്രസർക്കാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റുകയും പുതിയ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി കേസ് പുനരാരംഭിക്കുന്നതിന് നിർദേശം നൽകുകയും ചെയ്തു. പണപ്പെരുപ്പം ഉൾപ്പടെയുള്ള പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കമാണിതെന്നും സിങ്‌വി പറഞ്ഞു. ബുധനാഴ്ച ഇരുവരും ഇ.ഡിക്ക് മുന്നിൽ ഹാജരാകും.
