Crime
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് കെ.ടി ജലീൽ പൊലീസിനു പരാതി നല്‍കി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പുതിയ നീക്കങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി അനില്‍ കാന്തും എഡിജിപി വിജയ് സാഖറെയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു ചര്‍ച്ച. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.
സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൂഢാലോചനയുടെ ഭാഗമാണോയെന്നതടക്കം ചര്‍ച്ച ചെയ്തു. ഗൂഢാലോചന നടത്തിയാണ് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കുമെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മുന്‍നിര്‍ത്തി കേസെടുക്കുന്നത് പൊലീസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യവും ചര്‍ച്ചയായി. അതിനിടെ മുന്‍മന്ത്രി കെ.ടി.ജലീല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സംസ്ഥാന മുഖ്യമന്ത്രിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെയാണ് പൊലീസിനു പരാതി നല്‍കിയതെന്നു കെ.ടി. ജലീല്‍ പറഞ്ഞു. സര്‍ക്കാരിന്റെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണു നടക്കുന്നത്. മുമ്പ് നടത്തിയ പ്രസ്താവനകള്‍ തന്നെ വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുകയാണ് സ്വപ്‌ന ചെയ്തിരിക്കുന്നത്. മൂന്ന് കേന്ദ്ര ഏജന്‍സികള്‍ മുമ്പ് അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി ഏതു കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലും ഒരിഞ്ചു പോലും മുന്നോട്ടുപോകാനാവില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ ലോകവ്യാപകമായി വന്‍പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.