Crime
വാഹനത്തിൽ കയറ്റിയത് ബലം പ്രയോഗിച്ച് .ആരു നിർബന്ധിച്ചിട്ടാണ് സ്വപ്നയുടെ ഇപ്പോഴത്തെ വെളിപ്പെടുത്ത ലെന്ന് ചോദിച്ചതായി സരിത്ത്

പാലക്കാട് : ലൈഫ് മിഷൻ കേസിൽ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്ത സ്വർണക്കടത്തു കേസിലെ പ്രതി പി.എസ്.സരിത്തിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സരിത്തിന്റെ ഫോൺ വിജിലൻസ് കസ്റ്റഡിയിലെടുത്തു. തന്നെ വിജിലൻസ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് പിന്നീട് സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു,വിജിലൻസ് ബലം പ്രയോഗിച്ചാണ് ഫ്ലാറ്റിൽ നിന്ന് വാഹനത്തിൽ കയറ്റിയത്. ബലപ്രയോഗത്തിൽ കൈയ്ക്ക് പരുക്കുപറ്റി. കയ്യിൽ നീരുണ്ട്. വാഹനത്തില്‍ കയറ്റിയ ശേഷമാണ് വിജിലൻസാണെന്ന് പറയുന്നത്. സ്വപ്ന സുരേഷിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ കുറിച്ചാണ് ചോദിച്ചത്. ആരു നിർബന്ധിച്ചിട്ടാണ് സ്വപ്ന ഇതൊക്കെ പറഞ്ഞതെന്ന് ചോദിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒരു കാര്യവും ചോദിച്ചിട്ടില്ല. ചോദ്യം ചെയ്യലിനു നോട്ടിസ് നൽകാതെയാണ് കൊണ്ടുപോയത്. പാലക്കാട് വിജിലൻസ് ഒാഫിസിൽ എത്തിച്ചശേഷമാണ് 16ന് ഹാജരാകണമെന്ന നോട്ടിസ് നൽകിയതെന്നും സരിത്ത് പറഞ്ഞു.
സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് ഇന്നു രാവിലെയാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, കസ്റ്റഡിയിലെടുത്തില്ലെന്നും ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാൻ ചെന്നപ്പോൾ സരിത്ത് സ്വമേധയാ കൂടെ വന്നതാണെന്ന് വിജിലൻസ് വാദം.