KERALA
ഏത് തരത്തിലുള്ള പിപ്പിടി കാണിച്ചാലും അതൊന്നും ഇങ്ങോട്ട് ഏശില്ല. കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും പിണറായി.

കോട്ടയം: നുണയുടെ മലവെള്ളപ്പാച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ്ടായതെന്നും അതെല്ലാം തള്ളി കളഞ്ഞുകൊണ്ടാണ് ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഏത് തരത്തിലുള്ള പിപ്പിടി കാണിച്ചാലും അതൊന്നും ഇങ്ങോട്ട് ഏശില്ല. കൂടുതല്‍ കാര്യങ്ങള്‍ കെജിഒഎ വേദിയില്‍ പറയുന്നില്ല.
ഇതെല്ലാം പറഞ്ഞത്‌കൊണ്ട് അങ്ങനെ ഇളക്കി കളയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതിനൊക്കെ വേറെ ആളെ നോക്കണം. ഞങ്ങള്‍ക്ക് ജനങ്ങളെ പൂര്‍ണ്ണവിശ്വാസമുണ്ട്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. മാധ്യമങ്ങള്‍ സ്വന്തം വിശ്വാസ്യതക്ക് ചേര്‍ന്നതാണോ ചെയ്യുന്നതെന്ന് ചിന്തിക്കണം. ആരും തിരുത്താന്‍ വരുന്നില്ല. സ്വയം തിരുത്തിയാല്‍ മതി’ മുഖ്യമന്ത്രി പറഞ്ഞു.
പി.സി.ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. പിന്നില്‍ ഏത് കൊലക്കൊമ്പന്‍ അണിനിരന്നാലും വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കെജിഒഎ സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധങ്ങള്‍ക്കിടെ കനത്ത സുരക്ഷാ കവചമാണ് മുഖ്യമന്ത്രിക്കും പരിപാടി നടക്കുന്ന മാമ്മന്‍ മാപ്പിള ഹാളിനും ഒരുക്കിയിരുന്നത്.
രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഹിറ്റ്‌ലറേയാണ് ആര്‍എസ്എസും ബിജെപിയും മാതൃകയാക്കുന്നത്. അതവര്‍ പച്ചയായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഉണ്ടായതല്ല. മതമല്ല ഈ രാജ്യത്തെ പൗരത്വത്തിന്റെ അടിസ്ഥാനം. അത് മാറ്റിയെടുക്കുകയാണെന്നും പിണറായി കൂട്ടിച്ചേർത്തു