KERALA
കൊറോണയെക്കാൾ ഭീകരം പൊലീസിലെ കുടിപ്പക! സി.കെ സുജിത്ത് നിരപരാധി

‘
കണ്ണൂർ:പൊലീസിലെ പകയുടെ കനൽ നിരപരാധിയായ ഒരുദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്യാനിടയാക്കിയ സംഭവത്തിന് ആൻ്റി ക്ലൈമാക്സ്. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന തരത്തിൽ വ്യാജ പരാതി സൃഷ്ടിച്ച് സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ സസ്പെൻഷനിൽ കലാശിപ്പിച്ച സംഭവത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ സി.കെ സുജിത്ത് കുറ്റക്കാരനല്ലെന്ന് ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തി. കണ്ണൂർ ജില്ലാ പോലീസ് മേധാവി സുജിത്തിനെ കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കി ഉത്തരവിറക്കി. ഒരു പത്രവും ഓൺലൈൻ ചാനലും നികൃഷ്ട ഭാഷയിൽ വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു.
മഹസർ പ്രകാരം കസ്റ്റഡിയിലെടുത്ത ഫോൺ സുജിത്ത് മോഷ്ടിച്ചുവെന്ന തരത്തിൽ തെറ്റായ സന്ദേശം നൽകി പരാതിക്കിടയാക്കിയത് സുജിത്തിൻ്റെ സഹപ്രവർത്തകരിലൊരാളാണ് എന്നാണ് സൂചന. മട്ടന്നൂർ പോലീസ് സ്റ്റേഷനിലായിരുന്ന സുജിത്ത് വാർത്ത വരുമ്പോൾ ചക്കരക്കൽ പോലീസ് സ്റ്റേഷനിലായിരുന്നു.
രണ്ടു പെൺകുട്ടികളടങ്ങുന്ന സുജിത്തിൻ്റെ കുടുംബം വാർത്ത വന്നതിനെ തുടർന്ന് കടുത്ത മനോവിഷമമാണ് അനുഭവിച്ചത് ‘ നടക്കാത്ത സംഭവത്തിൽ അപരാധിയാക്കി ശിക്ഷിക്കപ്പെട്ടതിൻ്റെ വേദന ഒരു വശത്ത്. നാട്ടുകാരിൽ ചിലരുടെ കത്തുവാക്കുകളും പരിഹാസവും മറുഭാഗത്ത്. കുട്ടികൾ ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ചു. സുജിത്ത് നൽകിയ മനോധൈര്യമാണ് കുടുംബത്തിന് തുണയായത്. നന്നായി പ്രവർത്തിക്കുന്ന സുജിത്തിനോട് സഹപ്രവർത്തകരിലാർക്കോ തോന്നിയ അസൂയയുടെ കനലാണ് സത്യസന്ധനായ ഒരു പോലീസ് ഓഫീസറെ തീ തീറ്റിച്ചത് എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. സുജിത്തിനെതിരെ മാധ്യമങ്ങളിൽ വാർത്ത വരുത്താനും ഇയാൾ തന്നെയാണ് പ്രവർത്തിച്ചതെന്നും സൂചനയുണ്ട്.
സുജിത്തിനെ കുറ്റവിമുക്തനാക്കി ഉത്തരവിറങ്ങും മുമ്പേ തന്നെ സസ്പെൻഷൻ നടപടി ഒഴിവാക്കി തിരിച്ചെടുത്തിരുന്നു. ഇപ്പോൾ പിണറായി സ്റ്റേഷനിൽ ജോലി ചെയ്യുന്ന സുജിത്ത് നല്ലൊരു കലാകാരൻ കൂടിയാണ്. ഒരു കുടുംബത്തെ ആത്മഹത്യയിലേക്ക് നയിക്കുമായിരുന്ന സംഭവത്തിന് ചുക്കാൻ പിടിച്ച പോലീസിലെ ആ നരാധമൻ ഇപ്പോഴും കാണാമറയത്ത് ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടിൽ വിലസുമ്പോൾ തനിക്ക് പ്രതിസന്ധി ഘട്ടത്തിൽ ആശ്വാസ വാക്കുകളുമായി എത്തിയവർക്ക് സുജിത്ത് നൽകുകയാണ് അമർത്തിച്ചവിട്ടി നിന്നുള്ള ഒരു ബിഗ് സല്യൂട്ട്!