Crime
ജീവന് വൻ ഭീഷണിയെന്ന് സ്വപ്ന സുരേഷ് .പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും കെ.ടി.ജലീലിന്റെയും പേരുകൾ പറയുന്നതു നിർത്താനാണ് ഭീഷണി

കൊച്ചി :തന്റെ ജീവന് വൻ ഭീഷണിയെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. തന്നെ ഫോണിൽ വിളിച്ച് മരട് അനീഷ് എന്ന പേരു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും ഉൾപ്പെടുത്തി ഡിജിപിക്ക് പരാതി നൽകിയെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും മുൻമന്ത്രി കെ.ടി.ജലീലിന്റെയും പേരുകൾ പറയുന്നതും അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും നിർത്താനാണ് ഭീഷണി. അല്ലെങ്കിൽ എന്നെ ഈ ലോകത്തുനിന്ന് ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ആദ്യത്തെ കോളിൽ നൗഫൽ എന്നു പറഞ്ഞയാൾ കെ.ടി.ജലീൽ പറഞ്ഞാണ് വിളിക്കുന്നതെന്നു പറഞ്ഞു.എന്റെ മകനാണ് ആദ്യത്തെ കോൾ എടുത്തത്. അത് റെക്കോർഡ് ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാമത്തെ കോളിൽ മരട് അനീഷ് എന്നയാളുടെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇന്ന് പോകുന്ന വഴിയാണോ അതോ നാളേക്കാണോ അവരെന്നെ കൊല്ലാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാതിരിക്കാനും അത് തടസ്സപ്പെടുത്തുകയുമാണ് ഇവരുടെ ഉദ്ദേശ്യമെന്ന് മനസ്സിലായി.
ഞാനും എന്റെ മകനും എന്റെ അമ്മയുമൊക്കെ ഏതു സമയവും കൊല്ലപ്പെടാം. അതേതെങ്കിലും രീതിയിലായിരിക്കാം. പക്ഷേ, ജീവനുള്ളിടത്തോളെ കാലം എല്ലാ തെളിവുകളും ശേഖരിക്കാൻ ഇഡിയുമായി സഹകരിച്ച് എല്ലാത്തിനും വ്യക്തത വരുത്തുമെന്നും സ്വപ്ന പറഞ്ഞു.
‘ഹോട്ടലുകളിൽ ഒക്കെ കൊടുക്കാൻ ഇനി അധികം പണം എന്റെ കയ്യിലില്ല. അതിനാൽ കൊച്ചിയിലേക്കു താമസം മാറി. ഒരുപാട് ബുദ്ധിമുട്ടിയാണ് വാടകയ്ക്ക് ഒരു ഫ്ലാറ്റ് കിട്ടിയത്. ആ ഹൗസ് ഓണറിനെയും പൊലീസും സ്പെഷൽ ബ്രാഞ്ചും ചെന്ന് ഭയപ്പെടുത്തുന്നുണ്ട്.’– സ്വപ്ന പറഞ്ഞു.