Connect with us

Crime

എ.കെ.ജി സെന്റര്‍ പടക്കമേറ് കേസ് അവസാനിപ്പിക്കാനൊരുങ്ങി  പോലീസ്

Published

on

തിരുവനന്തപുരം: സിസിടിവി ദൃശ്യങ്ങളുമായി ഡല്‍ഹിവരെ പോയിട്ടും നിരാശരായതോടെ എ.കെ.ജി സെന്റര്‍ പടക്കമേറ് കേസില്‍ ഇനിയൊരു തെളിവും പരിശോധിക്കാന്‍ ബാക്കിയില്ലെന്ന് പോലീസ്. ഇതോടെ ഏറെ കോളിളക്കമുണ്ടാക്കിയ എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.
പ്രധാനമായും സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണമെങ്കിലും ഇതില്‍ കാര്യമായൊരു നേട്ടവുമുണ്ടായില്ല. സി.സി.ടി.വി ദൃശ്യം കൂടുതല്‍ വ്യക്തമാകാനായി ആദ്യം സിഡാക്കിലും പിന്നീട് ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ഡല്‍ഹിവരേയും പോലീസ് പോയെങ്കിലും ഫലമുണ്ടായില്ല. ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ എന്‍ലാര്‍ജ് ചെയ്യാന്‍ കഴിയാതാവുകയും പ്രതിയെ തിരിച്ചറിയാന്‍ പറ്റാതെ വരികയുമായിരുന്നു.
പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. ഡിയോ സ്‌കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ.കെ.ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. വാഹനം പരിശോധിച്ചപ്പോള്‍ ഡിയോയുട സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. ഇതോടെ ഈ വഴിക്കുള്ള അന്വേഷണവും മുട്ടി.
അക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന ചിലരെ പിടിച്ച് പോലീസ് ചോദ്യം ചെയ്ത് തുമ്പുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഇതും നടന്നില്ല. ഇതോടെയാണ് ഇനി പരിശോധിക്കാന്‍ തെളിവുകളൊന്നും ബാക്കിയില്ലെന്ന നിലപാടിലേക്ക് പോലീസ് എത്തിയത്.
കഴിഞ്ഞ ജൂണ്‍ 30ന് രാത്രി 11.30 ഓടെയായിരുന്നു എ.കെ.ജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. മുന്‍ മന്ത്രി പി.കെ ശ്രീമതിയടക്കമുള്ളവര്‍ ഓഫീസിനകത്തുള്ളപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് ആക്രമണം നടത്തിയത് കോണ്‍ഗ്രസ്സുകാരാണന്ന് ഉറപ്പിച്ച് പറഞ്ഞ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തിയതോടെ സംഭവം വന്‍ വിവാദമായി. കേരളത്തിലങ്ങോളമിങ്ങോളം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. എതിരാളികളുടെ ഓഫീസ് ആക്രമിച്ചതില്‍ പ്രതികളെ പിടികൂടുന്നില്ലെന്നു കാട്ടി പ്രതിപക്ഷം സഭയില്‍ അടിയന്തരം പ്രമേയംവരെ കൊണ്ടുവന്ന വിചിത്ര സംഭവങ്ങള്‍ക്കും പടക്കമേറ് വഴിവെച്ചു.

Continue Reading