Connect with us

KERALA

ഓഗസ്റ്റ് 15 ന് എല്ലാ സി.പി.എം ഓഫീസുകളിലും ദേശീയ പതാക ഉയരും.സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും

Published

on


തിരുവനന്തപുരം: സംസ്ഥാന വികസനം അട്ടിമറിക്കാന്‍ ഇഡിയടക്കമുള്ള ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ കയറൂരി വിടുന്നുവെന്നും ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയുടെ പേരുപറഞ്ഞ് മുന്‍ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഇഡി നോട്ടീസ് അയച്ചിരിക്കുകയാണ്. ഇഡിയുടെ മുന്നിൽ ഹാജരാകണമെന്ന നിലപാട് ആണ് പാർട്ടിക്ക്. എന്നാൽ,കേരളത്തിന്‍റെ വികസനപദ്ധതികള്‍ക്ക് നിര്‍ണായക പങ്കുവഹിച്ച കിഫ്ബിയെ തകര്‍ക്കുകയാണ് ലക്ഷ്യം. ബജറ്റിന് പുറത്തുള്ള ഒരു വികസന പ്രവര്‍ത്തനവും  കേരളത്തില്‍ നടത്താന്‍ പാടില്ലെന്ന ദുഷ്ടലാക്കാണ് ഇതിന് പിന്നില്‍.  പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ വികസനപദ്ധതികള്‍ സ്തംഭിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോടിയേരി പറഞ്ഞു.

സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ജിസ്ടി ഏര്‍പ്പെടുത്തരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഒരു ചര്‍ച്ചയും കൂടാതെ കേന്ദ്രനികുതി കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. അരി ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇത് ഇടയാക്കും. കേന്ദ്രനയത്തിനെതിരെ ഓഗസ്റ്റ് 10 വൈകിട്ട് അഞ്ചിന് ധര്‍ണ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഡി വിഷയത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴെടുത്ത നിലപാട് സ്വാഗതാര്‍ഹമെന്നും കോടിയേരി പറഞ്ഞു. കൂടാതെ സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കുമെന്ന് സിപിഎം. പരിപാടികളുടെ വിശദാംശങ്ങള്‍ സിപിഐയുമായി കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോടിയേരി  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ തലത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. അതിന്‍റെ ഭാഗമായാണ് കേരളത്തിലും പരിപാടികള്‍ സംഘടിപ്പിക്കുക. സ്വാതന്ത്ര്യസമര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.

സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും. സ്വാതന്ത്ര്യസമരത്തിലെ വിവിധ ധാരകളെയും കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ശേഷം നടത്തിയ സമരങ്ങളെയും ജനങ്ങളെ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ക്യാംപെയ്‌നുകള്‍ സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ന് എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുകയും ഭരണഘടനയിലെ ആമുഖത്തെ സംബന്ധിച്ച് പ്രതിജ്ഞ നടത്തുകയും ചെയ്യുമെന്ന് കോടിയേരി അറിയിച്ചു.

ഇ.പി ജയരാജനെ വിലക്കിയ ഇൻഡിഗോയുടേത് ദൗർഭാഗ്യകരമായ നിലപാട്. മുഖ്യമന്ത്രിയെ അക്രമിക്കുന്നത് തടയുന്നത് കുറ്റമാണെന്ന നിലപാടാണ് സ്വീകരിച്ചത്. ഇൻഡിഗോ അത് തിരുത്തണം.മാധ്യമത്തെ നിരോധിക്കണമെന്ന് നിലപാട് സിപിഎമ്മിനില്ല. പാർട്ടിയോട് ആലോചിച്ചല്ല എംഎൽഎമാരും എംപിമാരും കത്ത് എഴുതുന്നത്. കത്ത് എഴുതിയത് പ്രോട്ടോക്കോൾ ലംഘനമാണെങ്കിൽ നടപടിയെടുക്കട്ടെ. കെ.കെ രമയ്ക്കെതിരായ ഭീഷണി സന്ദേശത്തിൽ ഉടൻ ഡിജിപിക്ക് കൈമാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Continue Reading