KERALA
ഊന്നുവടി പരാമർശത്തിൽ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഊന്നുവടി പരാമർശത്തിൽ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഊന്നുവടി കോൺഗ്രസിനോ യുഡിഎഫിനോ വേണ്ട. അത് ബിജെപി സർക്കാർ നൽകിയതാണെന്ന് വി ഡി സതീശൻ പറഞ്ഞു. കോൺഗ്രസിന് നിവർന്നുനിൽക്കാനുള്ള ഊന്നുവടി എൽഡിഎഫിൽ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം
സിൽവർ ലൈനിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി ഡി സതീശൻ രൂക്ഷവിമർശനം ഉന്നയിച്ചു. ‘സിൽവർ ലൈനിൽ മുഖ്യമന്ത്രിയ്ക്ക് നിലപാട് മാറ്റമുണ്ട്. എന്തിന് വേണ്ടിയായിരുന്നു ഭൂമി ഏറ്റെടുക്കൽ. സിൽവർ ലൈൻ ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കാൻ യുഡിഎഫ് അനുവദിക്കില്ല. സർക്കാർ അനാവശ്യ ധൃതി കാട്ടിയത് അഴിമതി ലക്ഷ്യമിട്ടാണ്’- പ്രതിപക്ഷ നേതാവ് പറഞ്ഞു.യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാക്കും എന്ന് പറഞ്ഞതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അസ്വസ്ഥനാകുന്നത് എന്തിനാണെന്ന് വി ഡി സതീശൻ ചോദിച്ചു. ‘തങ്ങളുടെ തെറ്റുകൾ പരിഹരിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനെ എന്തിനാണ് മുഖ്യമന്ത്രി പരിഹസിക്കുന്നത്.
കെ ടി ജലീൽ അധികാരദുർവിനിയോഗം നടത്തിയത് ചോദിക്കാൻ പോലും മുഖ്യമന്ത്രിയ്ക്ക് സൗകര്യമുണ്ടായില്ല എന്നത് അത്ഭുതകരമാണ്. ജലീൽ ലോകായുക്തയെ പരസ്യമായി അധിക്ഷേപിച്ചത് മുഖ്യമന്ത്രി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ അനുവാദത്തോടുകൂടിയാണ് ജലീൽ ലോകായുക്തയ്ക്കെതിരെ പറഞ്ഞതെന്ന് വ്യക്തമാവുകയാണ്. തങ്ങളുടെ നടപടികൾ തീവ്രവലതുപക്ഷത്തിന് അടിസ്ഥാനമായവയല്ല. മോദി ഭരണകൂടമാണ് തീവ്രവലതുപക്ഷ നടപടികൾ സ്വീകരിക്കുന്നത്. ഇതിന് പിന്നാലെയാണ് സിപിഎമ്മും കേരളസർക്കാരും പോകുന്നത്. കെ റെയിൽ ഇതിനുദാഹരണമാണ്’-വി ഡി സതീശൻ പറഞ്ഞു.