Crime
നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള പ്രതികളോട് സെപ്റ്റംബർ 14-ന് ഹാജരാകണമെന്ന് കോടതി മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടി അടക്കം പ്രതികളായ നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ സെപ്റ്റംബർ 14-ന് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജെ.എം. കോടതി ഉത്തരവിട്ടു. ഹാജരാകാനുള്ള അവസാനമുള്ള അവസരമാണ് ഇതെന്ന് കോടതി മുന്നറിയിപ്പ് നൽകി. മന്ത്രി വി. ശിവൻകുട്ടി, എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എം.എൽ.എ. എന്നിവർ അടക്കമുള്ള ആറുപേരാണ് കേസിലെ പ്രതികൾ.
നിയമസഭാ കയ്യാങ്കളി കേസ് നിലവിൽ തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ വിചാരണ ഘട്ടത്തിലാണ്. കേസിന്റെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാനാണ് കോടതി കേസിലെ ആറ് പ്രതികളോടും സെപ്റ്റംബർ 14-ന് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.നിരവധി തവണ കുറ്റപത്രം വായിച്ചു കേൾക്കാൻ പ്രതികളോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ഉന്നയിച്ച് പ്രതികൾ ഹാജരായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 14-ന് പ്രതികൾക്ക് ഹാജരാകാനുള്ള അവസാന അവസരമാണെന്ന് കോടതി മുന്നറിയിപ്പ് നൽകുകയാണ്.