Crime
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

കൊച്ചി: എറണാകുളത്ത് രണ്ട് സംഭവങ്ങളിലായി രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവറുടേയും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമായി വാഹനം നിര്‍ത്തിയിട്ട ബസ് ഡ്രൈവറുടേയും ലൈസന്‍സ് ആണ് റദ്ദാക്കിയത്.
എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമായി വാഹനം നിര്‍ത്തിയിട്ട സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് പത്തു ദിവസത്തേക്കാണ് റദ്ദാക്കിയത്. എറണാകുളം – കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി റെജി എന്നയാളുടെ ലൈസന്‍സ് ആണ് റദ്ദാക്കിയത്.
ചോറ്റാനിക്കരക്കും മുളന്തുരുത്തി പള്ളിത്താഴത്തിനുമിടയിലുള്ള റെയില്‍വേ ഗേറ്റ് അടഞ്ഞു കിടന്നിരുന്ന സമയത്താണ് സംഭവം. പള്ളിത്താഴം ഭാഗത്തെ നീണ്ട വാഹനനിര വകവെക്കാതെ റെജി ബസ് ചോറ്റാനിക്കര ഭാഗത്തു നിന്നുള്ള വാഹനം കടന്നു പോവേണ്ട വഴിയിലൂടെ അലക്ഷ്യമായും അശ്രദ്ധമായും ഓടിച്ച് മറ്റു വാഹനങ്ങള്‍ക്ക് വാഹനതടസം ഉണ്ടാക്കി എന്ന പരാതിയിലാണ് നടപടി.
യാത്രക്കാരി ഇറങ്ങും മുന്‍പേ ബസ് എടുത്തുയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറായ വൈക്കം സ്വദേശി ജിഷ്ണു രാജിന്റെ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് തത്കാലികമായി റദ്ദാക്കി. ആഗസ്റ്റ് 4 മുതല്‍ ഒന്‍പതു ദിവസത്തേക്കാണ് ജിഷ്ണുവിന്റെ ലൈസന്‍സ് റദ്ദാക്കിയത്. വൈക്കം -ഇടക്കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവറാണ്ല്‍ ജിഷ്ണു.
ഈ ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യാത്രക്കാരി ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു മുന്‍പ് തന്നെ ഇക്കാര്യം ഡ്രൈവറോട് പറഞ്ഞിരുന്നു. വാഹനം നിര്‍ത്താമെന്ന് ഡ്രൈവര്‍ മറുപടി നല്‍കി. എന്നാല്‍ യാത്രക്കാരി ഇറങ്ങുന്നതിനിടെ വാഹനം മുന്‍പോട്ട് ഓടിച്ചു പോയി. അടുത്ത ദിവസം ഈ സംഭവം ചോദ്യം ചെയ്ത യാത്രക്കാരിയെ ഡ്രൈവര്‍ അസഭ്യം പറഞ്ഞു. ഇതോടെയാണ് യുവതി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്