KERALA
റോഡിലെ കുഴി : കേന്ദ്രത്തെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: അങ്കമാലിക്കടുത്ത് അത്താണിയിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാതയിലെ പിഴവുകൾ നിയമസഭയിൽ അടക്കം ശ്രദ്ധയിൽപ്പെടുത്തിയതാണ്. അപകടം നടന്ന സ്ഥലം ഉൾപ്പടെ തൃശൂർ മുതൽ അങ്കമാലി വരെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് നിരവധി തവണ കത്തുകൾ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അവർ വേണ്ടത്ര ശ്രദ്ധനൽകിയില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
പിഴവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ ചിലർ അതിനെ പരിഹസിക്കുകയാണ് ചെയ്തത്. ഏത് സർക്കാരിന്റെ, വകുപ്പിന്റെ റോഡായാലും അവിടെ അപകടം ഉണ്ടാകാനോ കുഴികൾ ഉണ്ടാകാനോ പാടില്ലെന്ന് മന്ത്രി പറഞ്ഞു. ഇത് പരിഹരിക്കപ്പെടേണ്ട പ്രശ്നമാണ്. റോഡ് കേന്ദ്രസർക്കാരിന്റെയാണ് എന്ന് അധിക്ഷേപിച്ച് പോകാൻ ഉദ്ദേശിക്കുന്നില്ല. കേരളത്തിൽ ചില പ്രത്യേക സാഹചര്യങ്ങളുണ്ട്. അതിൽ കാലാവസ്ഥ ഒരു ഘടകമാണ്. തെറ്റായ ചില പ്രവണതകൾ ഉണ്ട്. ഇതൊക്കെ പരിഹരിക്കപ്പെടണം.ജനങ്ങൾ പരാതിപ്പെടാൻ തരത്തിൽ റോഡ് നിർമിച്ച കരാറുകാരന്റെ വിവരങ്ങൾ ഉൾപ്പടെ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ചു വരികയാണ്. ഇത്തരത്തിൽ മൂവായിരത്തിൽ അധികം ബോർഡുകളാണ് സ്ഥാപിച്ചത്. എന്നാലിതിനെ പലരും പരിഹസിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ച ഇടങ്ങളിൽ അറ്റകുറ്റപണികൾ വരുന്നത് കുറവാണ്. എന്നാൽ ദേശീയപാത അതോറ്റിറ്റി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നില്ല. അപകടം നടന്ന സ്ഥലം ദേശീയപാത അതോറിറ്റി കീഴിൽ വരുന്നതാണ്. അവിടെ ടോൾ ഉൾപ്പടെയുണ്ട്. അവിടെ ബന്ധപ്പെട്ട കരാറുകാർ എന്തുകൊണ്ട് നടപടികൾ സ്വീകരിച്ചില്ലെന്നും മന്ത്രി വിമർശിച്ചു.